ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

pinarayi

കേരളത്തിലെ ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയതായും നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം വഹിക്കാമെന്ന് കേരളം ഉറപ്പുനല്‍കി. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെത്തി നടപടികള്‍ക്ക് അന്തിമ രൂപം നല്‍കും. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭീമമായ ചെലവായിരുന്നു പ്രധാന തടസം. ഭൂമി ഏറ്റെടുക്കുന്നതിന്റെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ മുന്‍ നിലപാട്. 25 ശതമാനം വഹിക്കാമെന്ന് കേരളം ഉറപ്പ് നല്‍കിയതോടെ പാത വികസനം സുഗമമായി നടക്കും. ചെങ്ങള മുതല്‍ കാസര്‍കോട് വരെ പൂര്‍ണ സജ്ജമാണെന്നും ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് ബൈപ്പാസ് നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും. കരാറുകാരന്‍ ഉപേക്ഷിച്ച കുതിരാന്‍ തുരങ്ക പാതയുടെ നിര്‍മ്മാണത്തിന് ബദല്‍ നടപടി സ്വീകരിക്കാമെന്ന് ഗഡ്കരി ഉറപ്പുനല്‍കി. വനംവകുപ്പിന്റെ തടസങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും നടപടി സ്വീകരിക്കും.

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അമിത് ഷാ

പൊലീസിന്റെ ആധുനികവത്കരണത്തിന് സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പറ‌ഞ്ഞു. മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള പ്രത്യേക പൊലീസ് സംവിധാനം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടി വ്യാപിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാമെന്ന് അമിത് ഷാ വ്യക്തമാക്കി. തീരദേശ പൊലീസ് സ്റ്റേഷനുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും പ്രത്യേക സഹായം പരിഗണിക്കും. ദേശീയ ദുരന്തനിവാരണ ഫണ്ട് വിനിയോഗത്തില്‍ ഗ്രാമീണ റോഡ് പുനര്‍നിര്‍മ്മാണത്തിനുള്ള കേന്ദ്ര മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതും കേന്ദ്രം പരിശോധിക്കും.