പമ്പാ നദിയിലെ മത്സ്യവിത്ത് നിക്ഷേപണ ഉദ്ഘാടനം റാന്നി ഉപാസനക്കടവില്‍ രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിക്കുന്നു.

ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുവാനും മത്സ്യത്തൊഴിലാളികളുടേയും പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട വനവാസികളുടേയും സ്ഥിരവരുമാനം ഉറപ്പുവരുത്തുവാനുമായി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന റാഞ്ചിംഗ് അഥവാ മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാര്‍, പമ്പ, മണിമലയാര്‍ നദികളിലും മണിയാര്‍, പമ്പ റിസര്‍വോയറുകളിലുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  അച്ചന്‍കോവിലാറില്‍ കോന്നി മുരിങ്ങമംഗലം ക്ഷേത്രക്കടവിലും മണിമലയാറില്‍ മല്ലപ്പളളി ഗ്രാമ പഞ്ചായത്തിലെ തിരുമാലിടക്ഷേത്രക്കടവിലും പുറമറ്റം ഗ്രാമ പഞ്ചായത്തിലെ കോമളം കടവിലും പമ്പാ നദിയില്‍ ആറന്മുള സത്രക്കടവിലും റാന്നി ഉപാസനക്കടവിലുമാണ് ഇപ്രകാരം മത്സ്യവിത്തുകള്‍ നിക്ഷേപിച്ചത്.  ഓരോ കടവിലും 2.5 ലക്ഷം എന്ന നിരക്കില്‍ ആകെ 12.5 ലക്ഷം മത്സ്യവിത്തുകളാണ് ഇപ്രകാരം നദികളില്‍ നിക്ഷേപിച്ചത്. കൂടാതെ മണിയാര്‍ റിസര്‍വോയറില്‍ 2.2 ലക്ഷം, പമ്പ റിസര്‍വോയറില്‍ 4 ലക്ഷം മത്സ്യവിത്തുകളും നിക്ഷേപിച്ചു. ആറന്മുള സത്രക്കടവിലെ മത്സ്യവിത്ത് നിക്ഷേപണ ഉദ്ഘാടനം വീണാജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷത വഹിച്ചു. ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അയ്ഷ പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു. പമ്പാ നദിയിലെ രണ്ടാമത്തെ കടവിലെ മത്സ്യവിത്ത് നിക്ഷേപണ ഉദ്ഘാടനം റാന്നി ഉപാസനക്കടവില്‍ രാജു എബ്രഹാം എം.എല്‍.എ  നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു അധ്യക്ഷ്യത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം ജി കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി പാണ്ടിയത്ത്, റാന്നി ആങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.സുരേഷ്, പഞ്ചായത്തംഗം പ്രീതാ സുരേഷ് എന്നിവര്‍ പങ്കെടുത്തു. 

അച്ചന്‍കോവിലാറിലെ കോന്നി മുരിങ്ങമംഗലം ക്ഷേത്രക്കടവിലെ മത്സ്യവിത്ത് നിക്ഷേപണ ഉദ്ഘാടനം കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി. കെ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, ബിനിലാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, പഞ്ചായത്തംഗം സുലേഖ വി നായര്‍ എന്നിവര്‍ പങ്കെടുത്തു.മണിമലയാറില്‍ ഇപ്രകാരം മല്ലപ്പളളി ഗ്രാമ പഞ്ചായത്തിലെ തിരുമാലിടക്ഷേത്രക്കടവിലെ മത്സ്യവിത്ത് നിക്ഷേപണ ഉദ്ഘാടനം മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് നിര്‍വഹിച്ചു. മല്ലപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവേല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വി.ജി പ്രകാശ് കുമാര്‍  പങ്കെടുത്തു.മണിമലയാറിലെ രണ്ടാമത്തെ കടവിലെ മത്സ്യവിത്ത് നിക്ഷേപണ ഉദ്ഘാടനം പുറമറ്റം ഗ്രാമ പഞ്ചായത്തിലെ കോമളംകടവില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി നിര്‍വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം ജിജി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ജോണ്‍, പഞ്ചായത്തംഗം സജി ചാക്കോ എന്നിവര്‍ പങ്കെടുത്തു.മണിയാര്‍ റിസര്‍വോയറിലെ കാരികയം കടവിലെ മത്സ്യവിത്ത് നിക്ഷേപണ ഉദ്ഘാടനം ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഓമന ശശിധരന്‍ പങ്കെടുത്തു.സീതത്തോട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുളള പമ്പ റിസര്‍വോയറിലെ മത്സ്യവിത്ത് നിക്ഷേപണ ഉദ്ഘാടനം സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്തംഗം ജേക്കബ് വളയംപള്ളി ചടങ്ങിന് അധ്യക്ഷത വഹിച്ചു.  മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍  ഓണ്‍ലൈനായി നിര്‍വഹിച്ചത്. ഫിഷറീസ്‌വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയം ഭരണവകുപ്പ്മന്ത്രി എ.സി മൊയ്തീന്‍ മുഖ്യാതിഥിയായി. ഈ പദ്ധതിക്കായി ഫിഷറീസ്‌വകുപ്പ് 2020-21 സാമ്പത്തിക വര്‍ഷം 200 ലക്ഷം രൂപ അടങ്കല്‍ തുകവരുന്ന ‘കേരള റിസര്‍വോയര്‍ ഫിഷറീസ് വികസന പദ്ധതിയും’ 300 ലക്ഷംരൂപ അടങ്കല്‍ തുകവരുന്ന ‘മത്സ്യശേഖര സമുദ്ധരണ പദ്ധതിയും’ ഉള്‍പ്പെടെ ആകെ 500 ലക്ഷംരൂപ വകയിരുത്തിയെന്ന് ഫിഷറീസ്‌വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. 14 ജില്ലകളിലായി തെരഞ്ഞെടുത്ത 56 ശുദ്ധ ജലാശയ, നദി തീരകടവുകളിലും 44 ഓരുജലാശയ, കായല്‍തീരകടവുകളിലും 5 ജില്ലകളിലായി 16 റിസര്‍വോയറുകളിലുമാണ് 430 ലക്ഷം എണ്ണം മത്സ്യ/ചെമ്മീന്‍/ആറ്റുകൊഞ്ച്‌വിത്തുകള്‍ നിക്ഷേപിക്കുന്നതെന്ന്  മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓണ്‍ലൈനായുളള ഉദ്ഘാടനത്തില്‍ 14 ജില്ലകളിലേയും തെരഞ്ഞെടുക്കപ്പെട്ട മത്സ്യവിത്ത് നിക്ഷേപ കടവുകള്‍ ഉള്‍പ്പെട്ട തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട നിയമസഭാസാമിജികരും മറ്റ് ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി പ്രതിനിധികളും അതത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ നിന്നും വീഡിയോകോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട കടവുകളില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു.