ആരവങ്ങളില്ലാതെ ആർഭാടങ്ങളില്ലാതെ ഉത്രട്ടാതി ജലമേള ചടങ്ങ്

aranmula

ആരവങ്ങളില്ലാതെ ആർഭാടങ്ങളില്ലാതെ ആറന്മുളയുടെ ഓണം എന്നറിയപ്പെടുന്ന ചിങ്ങ മാസത്തിലെ ഉത്രട്ടാതി കടന്നുപോയി. പ്രളയം സംഹാരതാണ്ഠവമാടിയ ഈ ഓണക്കാലത്ത് ഓണത്തോടുമനുബന്ധിച്ചുള്ള ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഒട്ടേറെ ചടങ്ങുകളില്‍ ആര്‍ഭാടം പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഉത്രട്ടാതി ജലമേള ചടങ്ങിന് ഒരു ജലഘോഷയാത്ര മാത്രമാക്കി ചുരുക്കിയത്. ഇന്ന് രാവിലെ സത്രക്കടവിലെത്തിയ 25 പള്ളിയോടങ്ങളില്‍ മൂന്ന് പള്ളിയോടങ്ങള്‍ വീതം ഭീഷ്മ പര്‍വ്വത്തിലെ അര്‍ജ്ജുന സാരഥിയായി എന്ന വഞ്ചിപ്പാട്ട് പാടി ക്ഷേത്രക്കടവിലേക്ക് തുഴഞ്ഞെത്തി. പൂവത്തൂര്‍ കിഴക്ക്, ഇടശ്ശേരിമല, പുന്നംതോട്ടം, തെക്കേമുറി, നെടുമ്ബ്രയാര്‍, കീക്കൊഴൂര്‍, വന്മഴി,വെണ്‍പാല, കീഴ്‌വന്മഴി, പ്രയാര്‍, ഇടയാറന്മുള കിഴക്ക്, മേലുകര, കീഴ്‌ചേരിമേല്‍, മല്ലപ്പുഴശ്ശേരി, ഇടശ്ശേരിമലകിഴക്ക്, ആറാട്ടുപുഴ, ചിറയിറമ്ബ്, മാരാമണ്‍, കിഴക്കനോതറ, കുന്നേകാട്, ഇടയാറന്മുള, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, കോറ്റാത്തൂര്‍, കുറിയന്നൂര്‍, കോയിപ്രം എന്നീ 25 പള്ളിയോടങ്ങളാണ് ഉത്രട്ടാതി നാളില്‍ വെറ്റപുകയില സ്വീകരിച്ചത്. ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങളെ പള്ളിയോട സേവാസംഘം വെറ്റിലപുകയിലയും അവില്‍പ്പൊതിയും നല്‍കി സ്വീകരിച്ചു. ദക്ഷിണ സ്വീകരിച്ച കരനാഥന്മാര്‍ കൊടിമരച്ചുവട്ടിലെത്തി ഭഗവാനെ വണങ്ങി പാടി സ്തുതിച്ച്‌ കരകളിലേക്ക് തിരികെ മടങ്ങി. ഓണക്കാലത്ത് പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന ചോതി അളവ്, തിരുവോണത്തോണി പുറപ്പാട്, തിരുവോണ സദ്യ എന്നിവയും ആചാരപരമായി മാത്രമാണ് നടത്തിയത്. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയും അന്നദാനമാക്കി ചുരുക്കിയിട്ടുണ്ട്. പാര്‍ഥസാരഥി ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലും പമ്ബാ തീരത്ത് ഒട്ടുമിക്ക കടവുകളിലും ചെളി അടിഞ്ഞ് പടികള്‍ പോലും മൂടിപ്പോയ സ്ഥിതിയിലാണ്. പാര്‍ഥസാരഥി ക്ഷേത്രക്കടവിലും സ്ഥിതി വ്യത്യസ്ഥമല്ല. പള്ളിയോടങ്ങളെ സ്വീകരിക്കുന്നതിന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി വി വിശ്വനാഥപിള്ള, ട്രഷറര്‍ സഞ്ജീവ് കുമാര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വീണ ജോര്‍ജ്ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി എന്നിവരും സന്നിഹിതരായിരുന്നു.