ജൂലൈയില്‍ നാല് സുഹൃത്തുക്കള്‍ ചേര്‍ന്നു കൂട്ടബലാത്സംഗത്തിനിരയാക്കിയ 19 കാരി സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. ഒന്നിലേറെ ആന്തരിക പരിക്കുകളെത്തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്.
ജൂലൈ 24 ന് സ്വകാര്യ ഭാഗങ്ങളില്‍ വേദനയോടെ ഔറംഗാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം വെളിച്ചത്ത് വരുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമരിയിക്കുകയും പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ജൂലൈ 7 ന് സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി പെണ്‍കുട്ടി മുംബൈയിലേക്ക് വന്നിരുന്നു. കേക്ക് മുറിച്ച ശേഷം നാല് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ബെഗുംപുര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പിന്നീട് ഔറംഗാബാദിലെ വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി ആശുപത്രിയിലാകും വരെ സംഭവം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. കേസ് പിന്നീട് മുംബൈയിലെ ചുനാഭട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍.സി.പി പ്രവര്‍ത്തകര്‍ ചെമ്ബൂരില്‍ നിന്നും ചുനാഭട്ടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.