Friday, March 29, 2024
HomeNationalഭീകരര്‍ക്ക് നുഴഞ്ഞുകയറാൻ തുരങ്കം; ഇന്ത്യയുടെ ഉറക്കം കെടുത്തുന്നു

ഭീകരര്‍ക്ക് നുഴഞ്ഞുകയറാൻ തുരങ്കം; ഇന്ത്യയുടെ ഉറക്കം കെടുത്തുന്നു

അതിര്‍ത്തിയില്‍ കണ്ടെത്തിയ തുരങ്കം ഇന്ത്യയുടെ ഉറക്കം കെടുത്തുന്നു. ജമ്മു കശ്മിരീലെ അർണിയ സെക്ടറിൽ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പാകത്തിൽ തയാറാക്കിയ തുരങ്കം അതിർത്തി രക്ഷാസേനയുടെ പരിശോധനയിൽ കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി പാക്ക് സൈന്യം തുടർച്ചയായി വെടിവയ്പും ഷെല്ലിങ്ങും നടത്തുന്ന പ്രദേശത്താണു തുരങ്കം കണ്ടെത്തിയത്. പാക്കിസ്ഥാനിൽനിന്നും ഭീകരർ നുഴഞ്ഞുകയറുന്നതു തടയാനായി നിയമിച്ച വേലിയുടെ തൊട്ടു താഴെയാണ് 14 അടിയോളം നീളമുള്ള തുരങ്കം നിർമിച്ചിരിക്കുന്നത്. ഇതിലൂടെ ഭീകരര്‍ക്ക് എളുപ്പത്തില്‍ രാജ്യത്ത് നുഴഞ്ഞുകയറാന്‍ സാധിക്കും. സുരക്ഷയുടെ ഭാഗമായുള്ള ത്രിതല മുള്ളുവേലി എളുപ്പത്തില്‍ കടക്കാന്‍ തുരങ്കം സഹായിക്കും. രാജ്യത്തേക്ക് നുഴഞ്ഞുകയറാനായി തുരങ്കങ്ങള്‍ ഉപയോഗിക്കാറുണ്ടെന്ന് നേരത്തേ പിടിയിലായ ഭീകരര്‍ മൊഴി നല്‍കിയിരുന്നു.

ഇന്ത്യയിലേക്കു വൻതോതിൽ ഭീകരരെ കയറ്റിവിട്ട് ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിനാണ് തുരങ്കം നിർമിച്ചതെന്ന് ബിഎസ്എഫ് അധികൃതർ പറഞ്ഞു. അതിർത്തിവേലിയോടു ചേർന്നുള്ള പ്രദേശത്തു ശുചീകരണ പ്രവർത്തികൾ നടത്തുന്നതിനിടെ രാജ്യാന്തര അതിർത്തിയിലെ വിക്രം, പട്ടേൽ പോസ്റ്റുകൾക്കിടയിലാണു തുരങ്കം ശ്രദ്ധയിൽപ്പെട്ടത്.
യുദ്ധസമാന സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള സ്റ്റോർ റൂമിനു സമാനമാണു തുരങ്കത്തിന്റെ രൂപകൽപനയെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനുള്ളിൽ ആളുണ്ടായിരുന്നതിന്റെ തെളിവായി ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കു പഴക്കമില്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇതിനുള്ളിൽ ആളുണ്ടായിരുന്നുവെന്നു വ്യക്തമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു പാക്ക് സൈന്യം നടത്തിയ തുടർച്ചയായുള്ള ഷെല്ലാക്രണങ്ങളുടെ മറവിലാണു തുരങ്കം നിർമിച്ചതെന്നു കരുതുന്നു. ഈ സാഹചര്യത്തിൽ അതിർത്തി പ്രദേശത്തു കൂടുതൽ തുരങ്കങ്ങളുണ്ടോ എന്നു കണ്ടെത്തുന്നതിനു പ്രത്യേകം പരിശോധന നടത്താൻ ബിഎസ്എഫ് തീരുമാനിച്ചു.
ഏഴു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അതിർത്തി പ്രദേശത്തു ബിഎസ്എഫുകാർ ഇത്തരം തുരങ്കം കണ്ടെത്തുന്നത്. സാമ്പയിലെ രാംഗഡ് സെക്ടറിലാണ് ഒടുവിലായി തുരങ്കം കണ്ടെത്തിയത്.  2009ൽ അഖ്നൂർ സെക്ടറിലും ഇത്തരമൊരു തുരങ്കം കണ്ടെത്തിയിരുന്നു.
നേരത്തേ കണ്ടെത്തിയ മറ്റ് തുരങ്കങ്ങള്‍
2001 മാര്‍ച്ച്: പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് ഭൂമിക്കടിയില്‍ 135 അടി നീളത്തില്‍ തുരങ്കം കണ്ടെത്തി.
2012 ജൂലൈ: 20 അടി താഴ്ചയില്‍ 400 മീറ്റര്‍ നീളത്തില്‍ തുരങ്കം കണ്ടെത്തി. സാംബയിലായിരുന്നു ഇത് നിര്‍മിച്ചത്. അത്യാധുനിക സംവിധാനങ്ങള്‍ ഉണ്ടായിരുന്നു.
2012 ഓഗസ്റ്റ് 8: കശ്മീരില്‍ 540 മീറ്റര്‍ നീളത്തില്‍ പാക്കിസ്ഥാനിലേക്ക് നിര്‍മിച്ച തുരങ്കം കരസേന കണ്ടെത്തി.
2014 സെപ്റ്റംബര്‍ 4: പലന്‍വാലയില്‍ 50 മീറ്റര്‍ നീളത്തില്‍ തുരങ്കം കണ്ടെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments