കാനഡയിലേക്ക് ഡല്‍ഹിയില്‍ നിന്നു നേരിട്ടുള്ള വിമാന സര്‍വീസ് പുനഃരാരംഭിച്ചു

ടൊറന്റോ: കാനഡയില്‍ നിന്നു ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍ നിന്നു കാനഡയിലേക്കുമുള്ള എയര്‍ കാനഡ വിമാന സര്‍വീസ് സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 24 വരെ തടഞ്ഞിരുന്നു.

24ന് യാത്രാ നിരോധനം നീക്കിയതോടെ ആദ്യ വിമാനം ഡല്‍ഹിയില്‍ നിന്നും ടൊറന്റോയിലേക്കും വാന്‍കൂറിലേക്കും സെപ്റ്റംബര്‍ 27ന് എത്തിച്ചേര്‍ന്നു. പ്രിയപ്പെട്ടവരെ കാണാന്‍ കൊതിച്ചിരുന്ന കാനഡയിലേയും ഇന്ത്യയിലേയും യാത്രക്കാര്‍ക്ക് യാത്രാ നിരോധനം നീക്കിയതോടെ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നതെന്ന് എയര്‍ കാനഡ സീനിയര്‍ വൈസ് പ്രസിഡന്റ് മാര്‍ക്ക് ഗലാര്‍ഡൊ പറഞ്ഞു.

ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര വ്യവസായ ബന്ധം വരും മാസങ്ങളില്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും ടൊറൊന്റോയിലേക്കു ദീര്‍ഘ നാളുകള്‍ക്കു ശേഷം എത്തിച്ചേര്‍ന്ന യാത്രക്കാര്‍ക്ക് എയര്‍ കാനഡ ജീവനക്കാര്‍ ഊഷ്മള വരവേല്‍പാണു നല്‍കിയത്.