Saturday, April 20, 2024
HomeNationalസുപ്രീംകോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസായി എസ്‌.എ. ബോബ്‌ഡെ

സുപ്രീംകോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസായി എസ്‌.എ. ബോബ്‌ഡെ

സുപ്രീംകോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസായി എസ്‌.എ. ബോബ്‌ഡെയെ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ നിയമിച്ചു. നിയമന ഉത്തരവില്‍ രാഷ്‌ട്രപതി ഇന്നലെ ഒപ്പുവച്ചു.

ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അടുത്ത മാസം 17ന്‌ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കും. 47-ാം ചീഫ്‌ ജസ്‌റ്റിസായി 18ന്‌ ബോബ്‌ഡെ സത്യപ്രതിജ്‌ഞ ചെയ്യും. 2021 ഏപ്രില്‍ 23 വരെയാണു ബോബ്‌ഡെയുടെ കാലാവധി. ഒരു വര്‍ഷവും അഞ്ചു മാസവും. കഴിഞ്ഞയാഴ്‌ച രഞ്‌ജന്‍ ഗൊഗോയ്‌ ഒൗദ്യോഗികമായി ബോബ്‌ഡെയുടെ പേര്‌ ചീഫ്‌ ജസ്‌റ്റിസ്‌ സ്‌ഥാനത്തേക്കു നിര്‍ദേശിച്ചിരുന്നു.

സുപ്രീം കോടതി കൊളീജിയത്തിലെ മുതിര്‍ന്ന ജഡ്‌ജിയാണു അടുത്ത ചീഫ്‌ ജസ്‌റ്റിസായി നിയമിക്കപ്പെടുക. നിലവില്‍ സുപ്രീം കോടതി കൊളീജിയത്തില്‍ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ജഡ്‌ജിയാണ്‌ ജസ്‌റ്റിസ്‌ ശരദ്‌ അരവിന്ദ്‌ ബോബ്‌ഡെ.

മധ്യപ്രദേശ്‌ മുന്‍ ചീഫ്‌ ജസ്‌റ്റിസായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 2013 ഏപ്രില്‍ 12 നാണ്‌ ബോബ്‌ഡെയെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ചത്‌. മഹാരാഷ്‌ട്ര നാഷണല്‍ നിയമ സര്‍വകലാശാലയുടെ മുംബൈ, നാഗ്‌പൂര്‍ കേന്ദ്രങ്ങളില്‍ ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

നാഗ്‌പൂര്‍ സര്‍വകലാശാലയില്‍നിന്ന്‌ എല്‍എല്‍.ബി. ബിരുദം നേടി 1978 ല്‍ മഹാരാഷ്‌ട്ര ബാര്‍ കൗണ്‍സിലില്‍ അംഗത്വമെടുത്താണ്‌ നിയമ രംഗത്തേക്കെത്തിയത്‌.

21 വര്‍ഷം ബോംബേ ഹൈക്കോടതിയുടെ നാഗ്‌പൂര്‍ ബെഞ്ചില്‍ അഭിഭാഷകനായി. 1998ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ചു. 2000 ല്‍ ബോംബെ ഹൈക്കോടതി ജഡ്‌ജിയായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments