ശരീരത്തില്‍ തളര്‍ച്ച ബാധിച്ചതിലൂടെ ദൈവമഹത്വം വെളിപ്പെട്ടതായി ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട്

ഓസ്റ്റിന്‍ (ടെക്‌സസ്സ്): അപകടത്തില്‍ പെട്ട് അരക്ക് താഴെ തളര്‍ന്ന് പോയ തന്നെ വീല്‍ ചെയറിലിരുത്തിയത് നല്ലത് വേണ്ടിയായിരുന്നുവെന്നും അതിലൂടെ ദൈവമഹത്വം വെളിപ്പെട്ടുവെന്നും ടെക്‌സസ്സ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് (64) അഭിപ്രായപ്പെട്ടു.

1984 ല്‍ ജോഗിങ്ങിനിടയില്‍ ഓക്ക് മരം ശരീരത്തില്‍ വീണ് അരക്കുതാഴെ തളര്‍ന്ന് ഗ്രേഗ് ഏബട്ട് അന്നുമുതല്‍ വീല്‍ ചെയറിലായിരുന്നു സഞ്ചരിച്ചിരുന്നത്.

കഴിഞ്ഞ വാരാന്ത്യം ട്വിറ്ററിലൂടെയാണ് തന്റെ ഈ പ്രത്യേക തിയോളജി പരസ്യമാക്കിയത്. താങ്ക്‌സ് ഗിവിംഗ് സന്ദേശം കൂടിയായിരുന്നുവത്.

വീല്‍ ചെയറിലിരുന്നതുകൊണ്ട് ഒരു യുവാവ് കൈ ഉപയോഗിച്ച് ചുമരിന്മേല്‍ കയറുന്ന വീഡിയോ ഷെയര്‍ ചെയ്ത ഗ്രേഗ് ഇപ്രകാരം കുറിച്ചു, ‘ഒരിക്കലും തളര്‍ന്ന് പോകുകയോ, പരാജയപ്പെടുകയോ ചെയ്യരുത്. മുമ്പിലുള്ള വെല്ലുവിളികളെ തരണം ചെയ്യുവാന്‍ നാം അഭ്യസിക്കണം. തുടര്‍ച്ചയായ പരിശീലനം നമ്മെ ഉയരങ്ങളിലെത്തിക്കും’.

ജീവിതത്തില്‍ സന്തോഷ സന്ദര്‍ഭങ്ങളില്‍ മാത്രമേ ദൈവത്തിന് സ്‌ത്രോത്രം കൊടുക്കാവു എന്ന ധാരണ ശരിയല്ല. കഷ്ടതയുടെ നടുവിലും, പ്രതിസന്ധികളുടെ നടുവിലും ദൈവത്തെ സ്തുതിക്കുവാന്‍ നാം കടപ്പെട്ടവരാണ് ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.

യുവാവായിരിക്കുമ്പോള്‍ സ്ഥിരമായി വീല്‍ ചെയറിലിരുത്തി തളര്‍ത്തി കളയുന്നതിനല്ല ദൈവം എനിക്ക് അപകടം വരുത്തിയത്. ആയിരിക്കുന്ന അവസ്ഥയില്‍ നിന്നുകൊണ്ടുതന്നെ കര്‍മ്മ നിരതനാകുന്നതിന് വേണ്ടിയാണ്.

2014 മുതല്‍ ടെക്‌സസ്സ് ഗവര്‍ണറായി സ്ഥാനമേറ്റ ഗ്രേഗ് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍, ടെക്‌സസ്സ് സുപ്രീം കോര്‍ട്ട് അസ്സോസിയേറ്റ് ജസ്റ്റിസ് എന്ന പദവികളും വഹിച്ചിട്ടുണ്ട്.