ബ്രിട്ടീഷ് സർക്കാരിന്‍റെ പ്രേതം പിണറായി വിജയനെ ആവേശിച്ചു – കുമ്മനം

മോഹൻ ഭാഗവത് സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയുയർത്തിയതിന് പാലക്കാട് കണ്ണകിയമ്മൻ ഹയർസെക്കൻഡറി സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തെ വിമർശിച്ചുകൊണ്ട് കുമ്മനം രാജശേഖരൻ രംഗത്ത്. ബ്രിട്ടീഷ് സർക്കാരിന്‍റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണെന്ന് കുമ്മനം പ്രതികരിച്ചു. അതുകൊണ്ടാണ് ദേശീയപതാക ഉയർത്തിയത് കുറ്റകരമാണെന്ന് പിണറായി സർക്കാർ പറയുന്നത്. ബ്രിട്ടീഷുകാർക്കു ശേഷം, ഇന്ത്യൻ ദേശീയപതാക ഉയർത്തിയത് കുറ്റമായി കണ്ട ഏക സർക്കാരാണിതെന്നും കുമ്മനം കൂട്ടിച്ചേർത്തു. രാഷ്ട്രീയ നേതാക്കൻമാർ സ്കൂളിൽ പതാക ഉയർത്തുന്നത് ചട്ട ലംഘനമാണെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് സ്കൂൾ അധികൃതര്‍ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ ഇതിനു മുൻപും നിരവധി രാഷ്ട്രീയ നേതാക്കൻമാർ പതാക ഉയർത്തിയിട്ടുണ്ട്. എന്നാൽ ആർക്കുമെതിരെ കേസെടുത്തതായി ഒരു വിവരവും ഇല്ല. കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പതാക ഉയർത്തിയ ദൃശ്യങ്ങൾ എല്ലാവരും കണ്ടതുമാണ്. ആ സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടുമില്ല. കേസെടുക്കണമെന്ന് തനിക്ക് അഭിപ്രായവുമില്ലെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ദേശീയപതാകയെയും ഗാനത്തെയും അവഹേളിച്ച് മാഗസിൻ അച്ചടിച്ചിറക്കിയത് മുഖ്യമന്ത്രി പൂർവ്വ വിദ്യാർഥിയായ കോളേജിലെ എസ്എഫ്ഐ നേതാക്കളാണ്. സിനിമാ തീയേറ്ററിൽ ദേശീയഗാനത്തെ അവഹേളിച്ചവരും ഇടതുപക്ഷ പ്രവർത്തകരായിരുന്നു. അവരോടൊന്നും സ്വീകരിക്കാത്ത വൈരനിര്യാതന ബുദ്ധി ആര്‍എസ്എസ് മേധാവിയോട് സ്വീകരിച്ചത് രാഷ്ട്രീയ പകപോക്കൽ മാത്രമാണ്. മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തിയതിലൂടെ എന്ത‌ു സാമൂഹ്യ പ്രശ്നവും ക്രമസമാധാന തകർച്ചയുമാണ് നാട്ടിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.