Friday, April 19, 2024
HomeNationalഇന്ത്യൻ ചലച്ചിത്ര ഇതിഹാസം മൃണാൾ സെൻ അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം മൃണാൾ സെൻ അന്തരിച്ചു

വിഖ്യാത ബംഗാളി ചലച്ചിത്രകാരനും ദാദാ സാഹെബ് പുരസ്കാര ജേതാവുമായ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയസ്തംഭനം നേരിട്ടതിനെത്തുടര്‍ന്നു, രാവിലെ പത്തു മണിയോടെ കൊല്‍കൊത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ സമാന്തര സിനിമയുടെ ആദ്യകാല പഥികരിൽ ഒരാളായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ് ചിന്തകനും അനുഭാവിയുമായിരുന്നു മൃണാള്‍ സെന്‍ .

1923 മെയ്‌ 14ലിന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ഫരീദ്പൂരില്‍ ജനിച്ചു. ഹൈസ്കൂള്‍ പഠനം കഴിഞ്ഞ് കൊല്‍കൊത്തയിലെ സ്കോട്ടിഷ് ചര്‍ച്ച് കോളേജില്‍ ഉപരി പഠനത്തിനായി എത്തി. വിദ്യാര്‍ഥിയായിരിക്കെ തന്നെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സാംസ്‌കാരിക പ്രവര്‍ത്തങ്ങളില്‍ സജീവ പങ്കാളിയായി. ഒരിക്കല്‍ പോലും പാര്‍ട്ടി അംഗമായില്ലെങ്കിലും ഇന്ത്യന്‍ പീപിള്‍സ് തിയേറ്റര്‍ അസോസിയേഷനുമായുള്ള (ഇപ്റ്റ) സഹകരണം അദ്ദേഹത്തെ എല്ലാക്കാലത്തും സമാനമനസ്കരുടെ ഇടയില്‍ തന്നെ നിര്‍ത്തി. 1955 ലെ രാത്ത് ഭോരെ എന്ന ആദ്യ ചിത്രം വിജയം കണ്ടില്ലെങ്കിലും 1960ല്‍ സംവിധാനം ചെയ്ത ബൈഷേ ശ്രാബണയിലൂടെ ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് ഏക്‌ ദിന്‍ അചാനക്, മൃഗയ എന്നീ ചിത്രങ്ങളിലൂടെ സമാന്തര സിനിമാ ലോകത്ത് അദ്ദേഹം ചുവടുറപ്പിച്ചു.

എഴുപതുകളുടെ അവസാനത്തോടെ, മൃണാള്‍ ദാ എന്ന് സിനിമാ ലോകം വിളിച്ചിരുന്ന അദ്ദേഹം, സമകാലിക സാമൂഹ്യ രാഷ്ട്രീയ വിമര്‍ശനാത്മക ചിത്രങ്ങളിലൂടെ സിനിമയില്‍ തന്റെ അനിഷേധ്യമായ സ്ഥാനമുറപ്പിച്ചു. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ തന്റെ സിനിമകളിലൂടെ എന്നും ചോദിച്ചു കൊണ്ടിരുന്നു. ബോളിവുഡ് താരമായ മിഥുന്‍ ചക്രവര്‍ത്തിയുടെ ആദ്യ ചിത്രം കൂടിയായ മൃഗയയിലൂടെ ഗോത്ര വംശകാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നു കാട്ടി. ആദ്യ തെലുങ്ക്‌ ചിത്രമായ ഒക്ക ഊരി കഥയിലൂടെ രണ്ടു ഗ്രാമീണരുടെ ലോകവും വരച്ചു കാട്ടിയ മൃണാള്‍ സെന്നിന്റെ ദേശീയ ശ്രദ്ധ നേടിയ ആദ്യ ചിത്രം ഭുവന്‍ ഷോം ആയിരുന്നു. അവിടം മുതല്‍ ബംഗാളി സിനിമയുടെ ന്യൂ വേവിനും തുടക്കമായി.

മൃണാള്‍ സെന്‍ വിട്ടുവീഴ്ചയില്ലാതെ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തിയ കലാകാരനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രേക്ഷകനെ വെറും കാഴ്ചക്കാരനായി കാണാതെ സിനിമയിലെ പങ്കാളിയാക്കുന്നതായിരുന്നു സെന്നിന്റെ സമീപനം. സത്യജിത് റേ, ഋത്വിക് ഘട്ടക്ക് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ ത്രിമൂര്‍ത്തികളിലൊരാളായി അറിയപ്പെട്ട അദ്ദേഹമാണ് സ്വപ്നങ്ങളില്‍നിന്ന് ജീവിതത്തിലേക്ക് സിനിമയെ കൊണ്ടുവന്നത്. സിനിമാ നിര്‍മ്മാണത്തിലും ബദല്‍ സാധ്യമാണെന്ന് അദ്ദേഹം സ്ഥാപിച്ചു. മാര്‍ക്സിസത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കലാസൃഷ്ടികളിലും ഉറച്ച രാഷ്ട്രീയ നിലപാടുകളിലും തെളിഞ്ഞുകണ്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ ചലച്ചിത്ര മേഖലയെ സമീപിച്ച കലാകാരനായിരുന്നു ഇന്ത്യൻ നവസിനിമയിലെ അതികായനായ മൃണാൾ സെൻ എന്ന്‌ കോടിയേരി തന്റെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.കമ്യൂണിസ്റ്റ് പാർട്ടിയുടെ സാംസ്കാരികവിഭാഗവുമായി ചേർന്നു നിന്ന മൃണാൾ സെൻ, ഇന്ത്യൻ പീപ്പിൾസ് തിയ്യേറ്റർ അസോസിയേഷ (ഇപ്‍റ്റ)നുമായി സഹകരിച്ച് പ്രവർത്തിച്ചുവെന്ന് കോടിയേരി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments