മകരവിളക്കു തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു

Sabarimala

മകരവിളക്കു തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം അയ്യപ്പന്മാരെ പടി കയറാന്‍ അനുവദിച്ചു. വന്‍ തിരക്കിനെത്തുടര്‍ന്ന് പമ്പയിൽ തീര്‍ത്ഥാടകരെ തടഞ്ഞു സാവകാശമാണ് കയറ്റിവിടുന്നത്. നിരവധി ഭക്തര്‍ ദര്‍ശനം നടത്തികഴിഞ്ഞു.

നിലക്കല്‍ മുതല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശബരിമലയിലേക്ക് കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിത്തുടങ്ങി. ഉച്ചയ്ക്ക് 12 മണിയോടെയാണ് നിലക്കല്‍ നിന്ന് ഭക്തരെ പമ്ബയിലേക്ക് കടത്തിവിട്ടത്.അതേസമയം ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. ജനുവരി അഞ്ച് വരെ നീട്ടാന്‍ ആണ് തീരുമാനം. ജില്ലാ പൊലീസ് മേധാവിയും എക്സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കലക്ടര്‍ നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.