ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് ഭയന്ന് പാകിസ്താന്‍

അമേരിക്കയുടെ 45 മാത്‌ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

ഭീകരതയെ പ്രോല്‍സാഹിപ്പിക്കരുതെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ വിറച്ച് പാകിസ്താന്‍. താലിബാന്റെയും ഹഖാനി നെറ്റ്‌വര്‍ക്കിന്റെയും 27 ഭീകരരെ കഴിഞ്ഞവര്‍ഷം നവംബറില്‍ അഫ്ഗാനിസ്താന് കൈമാറിയതായി പാക്ക് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അഫ്ഗാനിസ്താനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു പാകിസ്താനെ ഉപയോഗിക്കുന്നതു തടയാന്‍ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്നു പാക്ക് വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.ഭീകരവാദത്തിന്റെ പേരില്‍ 75,000 സാധാരണക്കാരെയും 6000 സൈനികരെയുമാണു പാകിസ്താന് നഷ്ടമായിട്ടുള്ളത്. രാജ്യാന്തരതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടമായിട്ടുള്ളതും പാകിസ്താനാണ്. ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ ഭാഗമായി 123 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടവും പാകിസ്താനുണ്ടായി. പുതിയ നീക്കത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയില്‍ നിന്നു മറുപടി ലഭിച്ചതായും മുഹമ്മദ് ഫൈസല്‍ അറിയിച്ചു. ഇതിനിടെ, 100 പേര്‍ കൊല്ലപ്പെട്ട ആംബുലന്‍സ് സ്‌ഫോടനത്തിനു പിന്നാലെ അഫ്ഗാന്‍ ഉന്നതതല സംഘം പാകിസ്താന്‍ സന്ദര്‍ശനത്തിനു തയാറായി. മന്ത്രിയും അഫ്ഗാന്‍ ദേശീയ സുരക്ഷാ മന്ത്രാലയ മേധാവിയുമടങ്ങുന്ന സംഘമാണു പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്. തീവ്രവാദത്തെ തുടച്ചു നീക്കുന്നതിനു പാകിസ്താന്‍ അമേരിക്കയുമായി സഹകരിക്കുന്നില്ലെന്നു ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭീകരാവാദത്തിന്റെ പേരില്‍ കള്ളത്തരങ്ങളല്ലാതെ മറ്റൊന്നും പാകിസ്താന്‍ തിരികെ നല്‍കിയില്ല. 15 വര്‍ഷത്തിനിടെ 33 ബില്യണ്‍ യുഎസ് ഡോളറാണു പാകിസ്താന്‍ അമേരിക്കയില്‍നിന്നു കൈപ്പറ്റിയിട്ടുള്ളതെന്നും ട്രംപ് വെളിപ്പെടുത്തി. പാകിസ്താനു 225 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കുന്നത് അടുത്തിടെ യുഎസ് റദ്ദാക്കിയിരുന്നു.