മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നുവെന്ന് ഒ രാജഗോപാല്‍

ബിജെപി കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശക്തമായി നടത്തുന്നുണ്ട്. ഇതിന് പിന്നാലെ ഉയര്‍ന്ന് വന്ന അഭ്യൂഹങ്ങളായിരുന്നു സൂപ്പര്‍ താരം മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നുവെന്ന്. ഇക്കാര്യം ഇപ്പോള്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. തിരുവനന്തപുരം സീറ്റില്‍ മത്സരിക്കാനായി അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്നും, ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ സ്ഥിരീകരിച്ചു. എന്‍ഡിവിയോടാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. അതേസമയം മോഹന്‍ലാല്‍ മത്സരിച്ചാല്‍ ബിജെപിയുടെ പ്രതിച്ഛായ തന്നെ കേരളത്തില്‍ മാറും. ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്‍പരനാണ്. സര്‍വോപരി തിരുവനന്തപുരത്തുകാരനും ബിജെപിയോട് അനുഭാവം കാണിക്കുന്നുമുണ്ട്. അപ്പോള്‍ അദ്ദേഹത്തെ തന്നെ മത്സരിക്കാന്‍ ബിജെപിക്ക് താല്‍പര്യമുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. മോഹന്‍ലാല്‍ നിലവില്‍ ബിജെപി അംഗമല്ല. പക്ഷേ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് വലിയ താല്‍പര്യമുണ്ട്. അദ്ദേഹം ഞങ്ങളുടെ ക്ഷണം അംഗീകരിക്കുമോ തള്ളുമോ എന്നൊന്നും ഇപ്പോള്‍ പറയാറായിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു. അതേസമയം അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ പ്രമുഖ നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് മോഹന്‍ലാലിനെ പരിഗണിച്ചത്.