വൈറ്റില മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ അപാകതയോ ? വിദഗ്ധ പരിശോധന നടത്തും

vytila palam

വൈറ്റില മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടോയെന്ന് കണ്ടെത്താന്‍ വീണ്ടും വിദഗ്ധ പരിശോധന നടത്തും. മദ്രാസ് ഐഐടിയേയും കുസാറ്റിനേയുമാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതി മറയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വൈറ്റില പാലം കേന്ദ്രീകരിച്ച് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് വിവാദമായതോടെ നടപടിക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയെന്നാരോപിച്ച് അവരെ സസ്പെന്‍ഡ് ചെയ്തു. ആദ്യ രണ്ട് പരിശോധനകളില്‍ വ്യത്യസ്ത റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ മാനുവല്‍ പ്രകാരം മൂന്നാമതൊരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിച്ചു. മൂന്ന് റിപ്പോര്‍ട്ടുകളിലും അപാകത കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് രണ്ട് വിദഗ്ധ ഏജന്‍സികളെക്കൊണ്ട് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

മേൽപ്പാല നിര്‍മാണത്തിന്റെ നിലവാരത്തിലും അപാകത ഉണ്ടാകുന്നതായി ആശങ്ക പ്രകടിപ്പിച്ച് പൊതുമരാമത്ത് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്. പണിയിലുണ്ടായ അപാകതകളുടെ ചില സൂചനകളും ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നല്‍കുന്നുണ്ട്. കഴിഞ്ഞമാസം പകുതിയോടെ ചെയ്ത ഗര്‍ഡര്‍, ഡെക്ക് സ്ലാബ് എന്നിവയുടെ കോണ്‍ക്രീറ്റ് സാംപിള്‍ പരിശോധിച്ചതിന്റെ ഫലം തൃപ്തികരമല്ല. ഈമാസം ശേഖരിച്ച സാംപിളുടെ ഫലത്തിനായി കാക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ‌നിര്‍മാണ സാമഗ്രികള്‍ പരിശോധിക്കാന്‍ പ്ലാന്റിനോടൊപ്പം ലാബ് സൗകര്യം ഒരുക്കാന്‍ കരാറുകാരന്‍‍ തയ്യാറാകാത്തതും വീഴ്ചയാണ്.