പുന്നമടക്കായലിനെ പുളകം കൊള്ളിച്ച നെഹ്‌റു ട്രോഫി വള്ളം കളിയിൽ നടുഭാഗം ചുണ്ടൻ കിരീടമണിഞ്ഞു

nehru trophy

പുന്നമടക്കായലിനെ പുളകം കൊള്ളിച്ചു ആര്‍പ്പുവിളികളുടെ അകമ്പടിയോടെ ആരംഭിച്ച 67-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയിൽ നടുഭാഗം ചുണ്ടൻ ജേതാക്കൾ.രാവിലെ 11 മുതല്‍ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരവും ഉച്ചയ്ക്ക് 2ന് ഉദ്ഘാടനച്ചടങ്ങുമാണ് നടന്നത്. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍, ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ എന്നിവ നടന്നു.ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ഒന്നാമതെത്തി. 67 വർഷങ്ങൾക്കു ശേഷമാണ് നടുഭാഗത്തിന്റെ രണ്ടാം കിരീടനേട്ടം. നെഹ്റു ട്രോഫിയുടെ ആദ്യ പതിപ്പിലെ ജേതാക്കളാണ് നടുഭാഗം ചുണ്ടൻ. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. കാരിച്ചാൽ ചുണ്ടൻ മൂന്നാം സ്ഥാനം നേടി. പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് രാജ്യത്തിനു തന്നെ മാതൃകയാണ്. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് വള്ളംകളി സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.