Thursday, April 25, 2024
HomeNationalശശി തരൂരിനെതിരെ കൊലക്കുറ്റമോ ആത്മഹത്യാ പ്രേരണ കുറ്റമോ ചുമത്തണമെന്ന് ഡല്‍ഹി പോലീസ്

ശശി തരൂരിനെതിരെ കൊലക്കുറ്റമോ ആത്മഹത്യാ പ്രേരണ കുറ്റമോ ചുമത്തണമെന്ന് ഡല്‍ഹി പോലീസ്

സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനെതിരെ കൊലക്കുറ്റമോ ആത്മഹത്യാ പ്രേരണ കുറ്റമോ ചുമത്തണമെന്ന് ഡല്‍ഹി പോലീസ്. മരണത്തിന് തൊട്ടുമുന്‍പ് ഐപിഎല്ലുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സുനന്ദ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താനിരുന്നതാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.സുനന്ദയും ശശി തരൂരും തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യുട്ടര്‍ അതുല്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. ദുബായില്‍ വച്ചും ഇരുവരും വഴക്കിട്ടിരുന്നുവെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോലിക്കാരി മൊഴി നല്‍കിയിട്ടുണ്ട്.

ഒരിക്കല്‍ സുനന്ദ തരൂരിനെ പ്രഹരിച്ചിരുന്നതായും അവരുടെ മൊഴിയിലുണ്ട്. ‘ക്യാറ്റി’ എന്നു വിളിക്കുന്ന ഒരു സ്ത്രീയെ ചൊല്ലിയാണ് അവര്‍ വഴക്കിട്ടിരുന്നത്. എന്നാല്‍ അത് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹ്ര്‍ തരാര്‍ അല്ലെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു.alprazolam പോലെ എന്തെങ്കിലും സുനന്ദയുടെ ശരീരത്തില്‍ കുത്തിവച്ചിരിക്കാമെന്ന മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായം തള്ളിക്കളയാന്‍ കഴിയില്ലെന്നും പ്രോസിക്യുഷന്‍ പറയുന്നു.

അതേസമയം, സുനന്ദ ഏറെ മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായും താന്‍ അധികനാള്‍ ജീവിച്ചിരിക്കില്ലെന്നും മരിക്കാന്‍ ആഗ്രഹിച്ചിരുന്നതായും പോലീസ് ചൂണ്ടിക്കാട്ടി. തന്റെ ഒരു സുഹൃത്തുമായി അവര്‍ ഇക്കാര്യം പങ്കുവച്ചിരുന്നതായി അവരുടെ ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാണ്. തെരഞ്ഞെടുപ്പിനു ശേഷം തരൂര്‍ തന്നില്‍ നിന്നും വിവാഹമോചനം നേടുമെന്നും തരാറിനെ വിവാഹം കഴക്കുമെന്നും അവര്‍ സുഹൃത്തിനെ അറിയിച്ചുരുന്നു.

എന്നാല്‍, പ്രോസിക്യൂട്ടറുടെ ആരോപണങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കൃത്യമായി പഠിക്കാതെയാണെന്ന് തരൂരിന്റെ അഭിഭാഷകന്‍ വികാസ് പവ ചൂണ്ടിക്കാട്ടി. മനഃശാസ്ത്രപരമായി മൃതദേഹ പരിശോധന നടത്തിയ വിദഗ്ധരുടെ അഭിപ്രായം പ്രോസിക്യുഷന്‍ പരിശോധിച്ചിട്ടില്ല. ഇത് കൊലപാതകമോ ആത്മഹത്യയോ അല്ലെന്നും അജ്ഞാതമായ ജൈവീക കാരണങ്ങളാലുള്ള മരണമാണെന്നും വിദഗ്ധരുടെ റിപ്പോര്‍ട്ടിലുണ്ടെന്നും അവിടെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുനന്ദയോട് തരൂര്‍ ഏറ്റവും മാന്യതയോടെയാണ് പെരുമാറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തരൂരുമായുള്ള കുടുംബ ജീവിതത്തില്‍ സുനന്ദ ഏറെ സന്തുഷ്ടയായിരുന്നുവെന്നും അവസാന നാളുകളില്‍ അവര്‍ അസ്വസ്ഥത അനുഭവിച്ചിരുന്നുവെന്നും സഹോദരന്‍ ആഷിഷ് ദാസ് മൊഴി നല്‍കി. സുനന്ദ ഒരിക്കലും ആത്മഹത്യയെ കുറിച്ച്‌ ചിന്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തുടര്‍ വാദം കേള്‍ക്കുന്നത് കോടതി ഒക്‌ടോബര്‍ 17ലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments