Friday, April 19, 2024
HomeNationalഅഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രി സുരേഷ് ജെയ്‌ന് 100 കോടി രൂപ പിഴയും ഏഴുവര്‍ഷം...

അഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രി സുരേഷ് ജെയ്‌ന് 100 കോടി രൂപ പിഴയും ഏഴുവര്‍ഷം തടവും

ഭവന നിര്‍മാണ അഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രിയും ശിവസേന നേതാവുമായ സുരേഷ് ജെയ്‌ന് 100 കോടി രൂപ പിഴയും ഏഴുവര്‍ഷം തടവും. ഘാര്‍കുല്‍ ഭവന നിര്‍മാണ അഴിമതിയിലാണ് ധുലെ ജില്ലാ കോടതി സ്‌പെഷ്യല്‍ ജഡ്ജി സൃഷ്ടി നീലകാന്ത് കനത്ത പിഴ ചുമത്തിയത്. സുരേഷ് ജെയിനു പുറമെ 47 പേര്‍ക്കു കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. മൂന്നുമുതല്‍ ഏഴുവര്‍ഷം വരെയാണ് ഇവര്‍ക്ക് തടവ് വിധിച്ചത്. എന്‍സിപി നേതാവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ ഗുലബ്രാഓ ദിയോകര്‍ക്ക് അഞ്ചുവര്‍ഷമാണ് തടവ്. ശിക്ഷ വിധിക്കുമ്പോള്‍ കോടതിയിലുണ്ടായിരുന്ന 48 പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഭവന നിര്‍മാണ പദ്ധതിയില്‍ 29 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ശിവസേന നേതാവ് സുരേഷ് ജെയ്‌നിനെ കേസില്‍ 2012 മാര്‍ച്ചിലാണ് അറസ്റ്റ് ചെയ്തത്. ഈ സമയം ഇദ്ദേഹം മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ഇദ്ദേഹം സുപ്രിംകോടതിയില്‍ നിന്നു ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്. 1995 മുതല്‍ 2000 വരെ ജല്‍ഗാല് മുനിസിപ്പല്‍ കൗണ്‍സിലറായ ഗുലബ്രാഒ ദിയോകര്‍ 2012 മെയില്‍ അറസ്റ്റിലായ ശേഷം മൂന്നുവര്‍ഷം ജയിലിലായിരുന്നു. സുരേഷ് ജെയ്‌നുമായി ബന്ധമുള്ള കെട്ടിട നിര്‍മാതാക്കളായ ഖണ്ഡേഷ് ബില്‍ഡേഴ്‌സിനാണ് ഘാര്‍ഖുല്‍ ഭവന നിര്‍മാണ പദ്ധതി കരാര്‍ നല്‍കിയത്. ജല്‍ഗാവ് നഗരസഭാ മുന്‍ കമ്മീഷണര്‍ പ്രവീണ്‍ ഗേദം 2006 ഫെബ്രുവരിയില്‍ നല്‍കിയ പരാതിയിലാണ് നടപടി. ജല്‍ഗാവില്‍ 5000 വീടുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയെങ്കിലും 1500 എണ്ണമാണ് പൂര്‍ത്തിയാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments