സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് (ഒക്ടോബര്‍ 31) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പറഞ്ഞു.അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ‘മഹ’ ചുഴലിക്കാറ്റായതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയാകും. വ്യാഴാഴ്ച ഉച്ചയോടെ വേഗം 140 കിലോമീറ്റര്‍വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹയുടെ സഞ്ചാരപാതയില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും സംസ്ഥാന തീരത്തോടുചേര്‍ന്ന കടല്‍പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകും. അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ കേരളതീരത്ത് മീന്‍പിടിക്കുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. കടലില്‍പ്പോയ മത്സ്യത്തൊഴിലാളികളെ തിരികെവിളിച്ചു. ഫിഷറീസ് വകുപ്പ് ഓഫീസുകള്‍ വഴി തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.