Thursday, April 18, 2024
HomeKerala24 മണിക്കൂറിനകം 'മഹ'ചുഴലിക്കാറ്റ് കേരള, കർണാടക, മഹാരാഷ്ട്ര തീരങ്ങൾക്ക് അടുത്തുകൂടി ആഞ്ഞടിക്കും

24 മണിക്കൂറിനകം ‘മഹ’ചുഴലിക്കാറ്റ് കേരള, കർണാടക, മഹാരാഷ്ട്ര തീരങ്ങൾക്ക് അടുത്തുകൂടി ആഞ്ഞടിക്കും

‘മഹ’ ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ ആഞ്ഞടിച്ചു. മണിക്കൂറിൽ 83 കിലോമീറ്റർ വേഗതയിലാണ് അമിനിദിവി ദ്വീപിലൂടെ ‘മഹ’ കടന്നുപോയത്. രാവിലെ പതിനൊന്നരയോടെയാണ് ‘മഹ’ ചുഴലിക്കാറ്റ് ആ‌ഞ്ഞടിച്ചത്.

ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാറ്റ് കനത്ത നാശം വിതയ്ക്കാനിടയുള്ള വടക്കന്‍ ദ്വീപുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ലക്ഷദ്വീപിലേക്കുള്ള വിമാന, കപ്പല്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.കവരത്തി, അഗതി ദ്വീപുകളില്‍ കാറ്റ് അല്‍പം കുറഞ്ഞെങ്കിലും കനത്ത മഴ തുടരുകയാണ്. വടക്കന്‍ ദ്വീപുകളായ ബിത്ര, കില്‍ത്താന്‍ , ചെത്തിലാത്ത് എന്നിവിടങ്ങില്‍ കാറ്റ് ശക്തമായി വീശുന്നുണ്ട്. പലയിടങ്ങളിലും തെങ്ങുകള്‍ വ്യാപകമായി കടപുഴകി. എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി . ബിത്ര ഉള്‍പ്പെടെയുള്ള വടക്കന്‍ ദ്വീപുകളിലുള്ളവരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. കടല്‍ക്ഷോഭത്തെതുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാ, ചരക്ക് കപ്പലുകള്‍ നിര്‍ത്തിവച്ചു. ഓരോ ദ്വീപിലേയും സബ്ഡിവിഷന്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് പ്രതിരോധനടപടികള്‍ ഏകോപിപ്പിക്കുന്നത്. നാവികസേനയുടെ മൂന്ന് കപ്പലുകളെ ലക്ഷദ്വീപിലേക്ക് അടിയന്തരസ്ഥിതി കണക്കിലെടുത്ത് അയക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.

മെർച്ചന്‍റ് കപ്പലായ ട്രിറ്റൺ ലിബർട്ടി എന്ന കപ്പൽ വാടകയ്ക്ക് എടുത്ത നാവികസേന, ഇന്ന് രാത്രി തന്നെ ഈ കപ്പൽ പുറപ്പെടാൻ നിർദേശം നൽകി. ഐഎൻഎസ് സുനയന, ഐഎൻഎസ് മഗർ എന്നിവ അതിന് ശേഷം പുറപ്പെടുമെന്നും നാവികസേന അറിയിച്ചു.

അറബിക്കടലിൽ വച്ച് തന്നെ ‘മഹ’ അതിതീവ്രമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റ് കേരള, കർണാടക, മഹാരാഷ്ട്ര തീരങ്ങൾക്ക് അടുത്തുകൂടി കടന്നുപോകും.

Credits – windy

RELATED ARTICLES
- Advertisment -

Most Popular

Recent Comments