ശബരിമലയിലെത്തിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മലചവിട്ടണമെന്ന ആവശ്യവുമായി നിലയ്ക്കലിലെത്തിയ രണ്ട് യുവതികള്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി. തെലങ്കാന സ്വദേശികളായ രണ്ട് യുവതികളാണ് ആഗ്രഹം നിറവേറ്റാനാകാതെ മടങ്ങിയത്. മറ്റ് തീര്‍ത്ഥാടകരോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസില്‍ നിലയ്ക്കലിലെത്തിയ യുവതികളെ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തിച്ച് വിശദമായി ശബരിമലയിലെ സ്ഥിതിവിശേഷങ്ങളെ കുറിച്ച് പറഞ്ഞുകൊടുക്കുകയായിരുന്നു. മകരവിളക്ക് മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക് ഉള്ളതിനാല്‍ ഇപ്പോള്‍ പോകുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പോലീസ് യുവതികളോട് പറഞ്ഞു. തുടര്‍ന്നാണ് തത്കാലം യാത്ര മതിയാക്കി തങ്ങള്‍ മടങ്ങുകയാണെന്ന് ഇവര്‍ അറിയിച്ചത്.
കെ.എസ്.ആര്‍.ടി.സി ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം യുവതികളുമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഇവരെ കണ്‍ട്രോള്‍ റൂമിലെത്തിച്ച് ശബരിമലയില്‍ ഇപ്പോള്‍ പോയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ പോലീസ് നേരത്തെയുണ്ടായ സംഭവങ്ങളെപ്പറ്റി വിശദമായി പറഞ്ഞപകൊടുത്തതോടെ ഇവര്‍ പിന്മാറുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ പമ്പ വരെ പോകാന്‍ മാത്രമാണ് തങ്ങള്‍ എത്തിയതെന്നാണ് ഇവര്‍ അറിയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, ശബരിമലയില്‍ പോകാന്‍ എത്തിയതാണെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പിന്മാറുകയാണെന്നും സംഘത്തിലെ ഒരാള്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.