Friday, May 3, 2024
HomeKeralaനടൻ ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണിയെ ചോദ്യംചെയ്ത് വിട്ടയച്ചു

നടൻ ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണിയെ ചോദ്യംചെയ്ത് വിട്ടയച്ചു

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെ മാനേജരും ഡ്രൈവറുമായ എ.എസ്. സുനിൽരാജിനെ (അപ്പുണ്ണി) ചോദ്യംചെയ്ത് വിട്ടയച്ചു. ആലുവ പൊലീസ് ക്ലബ്ബിൽ രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ വൈകീട്ട് അഞ്ചുവരെ നീണ്ടു. എന്തെല്ലാം കാര്യങ്ങളാണ് അപ്പുണ്ണിയിൽനിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞതെന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം, പുറത്തു കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിക്കാനായി നാടകീയ ശ്രമങ്ങൾക്കിടെയാണ് അപ്പുണ്ണി പൊലീസ് ക്ലബ്ബിൽ ഹാജരായത്. അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന്, തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടിസ് നൽകിയിരുന്നു. ഇതേത്തുടർന്നാണു ചോദ്യം ചെയ്യലിനു വിധേയനാകാൻ അപ്പുണ്ണിയെത്തിയത്.

മുൻപും ചോദ്യം ചെയ്യലിനു പൊലീസ് നോട്ടിസ് നൽകിയെങ്കിലും ഒളിവിലായിരുന്ന അപ്പുണ്ണി പ്രതികരിച്ചിരുന്നില്ല. എത്രയും വേഗം ചോദ്യം ചെയ്യലിനു വിധേയനാകണമെന്നു നിർദേശിച്ചാണ് അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഭീഷണിയും മൂന്നാംമുറയുമുണ്ടാകുമെന്ന് ഇയാൾ ഹർജിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയമപ്രകാരം മാത്രമേ ചോദ്യം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നു കോടതി പൊലീസിനോടു നിർദേശിച്ചിട്ടുണ്ട്. സംശയകരമായ ചില സാഹചര്യങ്ങളെക്കുറിച്ച് അപ്പുണ്ണിയിൽനിന്നു വ്യക്തത തേടേണ്ടതുണ്ടെന്നാണു പൊലീസ് പ്രോസിക്യൂഷൻ മുഖേന കോടതിയെ അറിയിച്ചത്.

തിങ്കളാഴ്ച ഹാജരാകണമെന്ന കോടതി ഉത്തരവു നിലനിൽക്കുന്നതിനാൽ മാധ്യമങ്ങളെല്ലാം അപ്പുണ്ണിയെ കാത്ത് ആലുവ പൊലീസ് ക്ലബിനു മുന്നിലുണ്ടായിരുന്നു. 11 മണിയോടുകൂടി ഇയാൾ ഹാജരാകുമെന്നായിരുന്നു പൊലീസ് വൃത്തങ്ങളിൽനിന്നുള്ള സൂചന. ഈ പശ്ചാത്തലത്തിൽ അപ്പുണ്ണിയെത്തിയാൽ ദൃശ്യങ്ങൾ പകർത്താനുള്ള തയാറെടുപ്പുകളുമായാണ് മാധ്യമപ്രവർത്തകർ പൊലീസ് ക്ലബ്ബിനു മുന്നിൽ നിലയുറപ്പിച്ചത്.

അതിനിടെയാണ് പൊലീസ് ക്ലബിന്റെ പ്രധാന വഴിയിൽനിന്നു മാറി മറ്റൊരു വഴിയിൽ അപ്പുണ്ണിയോടു മുഖസാദൃശ്യമുള്ള ഒരാൾ എത്തിയത്. അപ്പോൾ സമയം രാവിലെ 10.40. മൊബൈൽ നോക്കിയെത്തിയ ഇയാളോട് അപ്പുണ്ണിയാണോ എന്നു മാധ്യമങ്ങൾ ചോദിച്ചപ്പോൾ അതേയെന്നു മറുപടി. ഇതോടെ മാധ്യമപ്രവർത്തകരെല്ലാം ഇയാൾക്കു ചുറ്റും കൂടി. തിക്കിത്തിരക്കിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെ പൊലീസ് ക്ലബിന്റെ ഗേറ്റ് തുറന്ന് ഇയാൾ അകത്തു പ്രവേശിച്ചു. പൊലീസെത്തി ഇയാളെ അകത്തേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് യഥാർഥ അപ്പുണ്ണി കാറിൽ പൊലീസ് ക്ലബിലെത്തിയത്. ആളുമാറിയ വിവരം മനസിലാക്കിയ മാധ്യമപ്രവർത്തകർ ഓടിയെത്തിയപ്പോഴേക്കും ‘യഥാർഥ അപ്പുണ്ണി’ തിരക്കിട്ട് പൊലീസ് ക്ലബ്ബിനകത്തേക്കു നീങ്ങി. ആദ്യമെത്തിയത് അപ്പുണ്ണിയുടെ സഹോദരൻ ഷിബുവാണെന്ന് പിന്നീടാണ് വ്യക്തമായത്. നടി മഞ്ജു വാര്യരുടെ കാറിന്റെ മുൻഡ്രൈവർ കൂടിയാണ് ഷിബു. അപ്പുണ്ണിയെയും (സുനിൽരാജ്) സഹോദരൻ ഷിബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനാണ് ആലുവ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചത്.

നടൻ ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന അപ്പുണ്ണി പൊലീസിന് നൽകുന്ന മൊഴി കേസിൽ നിർണായകമാകും. അപ്പുണ്ണിയെ ഗൂഢാലോചനാക്കേസിൽ നിലവിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും ചോദ്യം ചെയ്യലിനുശേഷം നിയമാനുസൃത നടപടിയുണ്ടായേക്കാം. മുഖ്യ പ്രതി സുനിൽകുമാർ ജയിലിൽനിന്ന് അപ്പുണ്ണിയുടെ ഫോണിലേക്കു വിളിച്ചുവെന്നതിനു പൊലീസിന്റെ പക്കൽ തെളിവുകളുണ്ട്. ഈ സമയത്തെല്ലാം ദിലീപും അപ്പുണ്ണിയും ഒരേ ടവറിനു കീഴിലായിരുന്നുവെന്നും പൊലീസ് പറയുന്നു. സുനിൽകുമാർ അപ്പുണ്ണിയെ വിളിച്ചതു ദിലീപുമായി സംസാരിക്കാനായിരുന്നോ എന്ന സംശയത്തിൽ അപ്പുണ്ണിയിൽനിന്നു പൊലീസിനു വ്യക്തത വരുത്തേണ്ടതുണ്ട്.

അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചു ദിലീപുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നു ചില സിനിമാ പ്രവർത്തകരുടെ മൊഴി പൊലീസിന്റെ സംശയത്തിനു ബലം പകരുന്നതാണ്. സുനിൽകുമാർ ജയിലിൽ വച്ചെഴുതിയ കത്ത് ദിലീപിനു കൈമാറാൻ സുനിലിന്റെ സഹതടവുകാരൻ വിഷ്ണു ഫോണിൽ ബന്ധപ്പെട്ടത് അപ്പുണ്ണിയെയായിരുന്നുവെന്നാണു പൊലീസിനു ലഭിച്ച തെളിവുകൾ. കത്ത് കൈപ്പറ്റാൻ തയാറാകാതിരുന്നതിനെത്തുടർന്നു കത്തിന്റെ ചിത്രം വാട്സാപ് ചെയ്തുകൊടുത്തത് അപ്പുണ്ണിയുടെ ഫോണിലേക്കാണ്. ഇതു സംബന്ധിച്ചും പൊലീസിനു വിവരം ശേഖരിക്കേണ്ടതുണ്ട്. ഒപ്പം, ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം ചോദിച്ചറിയുമെന്നാണ് കരുതുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments