ഹോം ഗാര്‍ഡുകളെ ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം

വനിതാ ഹോം ഗാര്‍ഡുകളെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം. ഗുജറാത്തിലാണ് പരാതിക്ക് ആസ്പ്തമായ സംഭവം. 25 വനിതാ ഹോംഗാര്‍ഡുകളാണ് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സൂറത്ത് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇവര്‍ പരാതി നല്‍കുകയായിരുന്നു. പീഡനത്തിനെതിരെ നാല് പേജുള്ള പരാതിയാണ് കമ്മിഷണര്‍ക്ക് മുന്നില്‍ നല്‍കിയത്. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറിയിട്ടുണ്ട്. മുതിര്‍ന്ന ഹോംഗാര്‍ഡുകളായ രണ്ടുപേരും വനിതാ ഹോംഗാര്‍ഡുമാരെ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. സംഭവം വിവാദമായതോടെ ഗുജറാത്ത് പോലീസ് ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിക്കണമെങ്കില്‍ ഇരുവരും പണം ആവശ്യപ്പെടാറുണ്ടെന്നും, പണം നല്‍കിയില്ലെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ വിദൂര പ്രദേശങ്ങളിലേക്ക് സ്ഥലംമാറ്റം നല്‍കി പീഡിപ്പിക്കുമെന്നും, ജോലിക്കിടയില്‍ പോലും ശാരീരികമായി ഉപദ്രവിക്കുമെന്നും വനിതാ ഉദ്യോഗസ്ഥര്‍ പരാതിയില്‍ ആരോപിക്കുന്നു.