നിര്‍ണായക തെളിവുകള്‍ ലഭിച്ചു; ഡൊമിനിക്കിന്റെ തിരിച്ചറിയൽ പരേഡ് ഉടന്‍

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. തിരിച്ചറിയൽ പരേഡിന് ശേഷം മാർട്ടിനെ കസ്റ്റഡിയിൽ ലഭിക്കാനായി അപേക്ഷ നൽകാനാണ് പൊലീസിന്റെ തീരുമാനം. ഡൊമനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ ആയിരിക്കും തിരിച്ചറിയൽ പരേഡ് നടക്കുക. ഇതിനായി അന്വേഷണസംഘം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. അപേക്ഷ അംഗീകരിച്ചാൽ ഉടൻ തന്നെ തിരിച്ചറിയൽ പരേഡ് നടക്കും. ഇതിനുശേഷം പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനം. മാർട്ടിനെ നവംബർ 29 വരെ കോടതി റിമാന്റ് ചെയ്തിരുന്നു. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് മാർട്ടിൻ. അഭിഭാഷകനെ ഏർപ്പെടുത്താത്തതിനാൽ നിയമസഹായം നൽകാമെന്ന കോടതിയുടെ നിർദേശം മാർട്ടിൻ നിഷേധിച്ചിരുന്നു.

അതിനിടെ ബോംബ് സ്ഫോടനത്തിനായി ഡൊമനിക്ക് മാര്‍ട്ടിന്‍ ശേഖരിച്ച ഉപകരണങ്ങളടക്കം നിര്‍ണായക തെളിവുകള്‍ അത്താണിയിലെ പ്രതിയുടെ വസതിയില്‍ നിന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘം കണ്ടെടുത്തിരുന്നു. വീടിന്റെ ടെറസായിരുന്നു ഡൊമനിക്കിന്റെ ബോംബ് പരീക്ഷണകേന്ദ്രം. ആറരമണിക്കൂർ നീണ്ട തെളിവെടുപ്പിൽ ഇക്കാര്യങ്ങൾ അന്വേഷണസംഘം പുനരാവിഷ്കരിക്കുകയാണ് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് കേസിലെ പ്രതിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ മറ്റാർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. മാർട്ടിനെ കസ്റ്റഡിൽ വാങ്ങിയശേഷമായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തുക.