പ്രസവമുറിയിൽ നിന്ന് ​​ കാണാതായ യുവതിയെ കണ്ടെത്തി; 3 ദിവസമായി അന്വേഷിച്ച പോലീസ് അമ്പരന്നു

pregnant fake

എസ്​.എ.ടി ആശുപത്രിയില്‍ നിന്ന് മൂന്ന്​ ദിവസം മുൻപ് പ്രസവമുറിയിൽ നിന്ന് ​​ കാണാതായ യുവതിയെ  കൊല്ലം കരുനാഗപ്പള്ളിയിലെ കെ.എസ്​.ആര്‍.ടി.സി ബസ്​ സ്​റ്റേഷനില്‍ വച്ച്‌​ ടാക്​സി ഡ്രൈവര്‍മാരാണ്​ തിരിച്ചറിഞ്ഞത്​. ഉടനെ കരുനാഗപ്പള്ളി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തീര്‍ത്തും അവശയായിരുന്ന യുവതിയെ സി.​ഐ.കെ രാജേഷ്​ കുമാര്‍, എസ്​.​ഐ ഉമറുല്‍ ഫാറൂഖ്​ എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന്​ യുവതിയുടെ കുടുംബത്തെ വിവരമറിയിച്ച കരുനാഗപ്പള്ളി പൊലീസ് മെഡിക്കല്‍ കോളജ്​ പൊലീസിന്​ യുവതിയെ കൈമാറി. പിതാവിനെ കണ്ടതോടെ യുവതി പൊട്ടിക്കരഞ്ഞെന്നും പൊലീസിനോട്​ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്​ പറഞ്ഞതെന്നും വിവരങ്ങളുണ്ട്​. മൂന്ന് ദിവസമായി യുവതിയെ തിരഞ്ഞ് നെട്ടോട്ടമോടിയ പൊലീസിനെയും നാട്ടുകാരെയും അമ്പരപ്പിക്കുന്നതായി കണ്ടെത്തല്‍.  ഭര്‍ത്താവിനൊപ്പം പ്രസവത്തിനായി എസ്.എ.ടി ആശുപത്രിയില്‍ എത്തിയ മടവൂര്‍ സ്വദേശിനിയായ യുവതിയെ ചൊവ്വാഴ്ചയാണ് കാണാതായത്. കാണാതായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കരുനാഗപ്പള്ളിയില്‍വെച്ച് അവശനിലയില്‍ അലഞ്ഞുതിരിയുകയായിരുന്ന യുവതിയെ കണ്ട് സംശയിച്ച ടാക്സി ഡ്രൈവര്‍മാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതി ചെങ്ങന്നൂരിലെത്തിയതായി ഇന്ന് രാവിലെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇന്നലെ വെല്ലൂരുണ്ടെന്നും സൂചന ലഭിച്ചിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് യുവതിയെ കാണാതായതെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ സംഭവം ചൂടുപിടിച്ചു. യുവതി ഗര്‍ഭിണിയായി അഭിനയിച്ചതെന്തിനെന്നും വീട്ടുകാരെ ഉപേക്ഷിച്ച് പോയതെന്തിനാണെന്നും ഇപ്പോഴും വ്യക്തമല്ല. ഭര്‍ത്താവും കുടുംബവും എന്തുകൊണ്ട് ഇക്കാര്യം മറച്ചുവെച്ചു എന്നതടക്കം അന്വേഷണം തുടരുകയാണ്.