ഫാ. എബ്രഹാം വര്‍ഗീസിനെതിരെ വീണ്ടും പരാതി

ലൈംഗിക ചൂഷണ കേസിൽ പ്രതിയായ ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ. എബ്രഹാം വര്‍ഗീസിനെതിരെ വീണ്ടും പരാതി. യൂ ട്യൂബ് വീഡിയോയിലൂടെ വൈദികന്‍ തന്നെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. പ്രത്യേക അന്വേഷണസംഘത്തിനാണ് യുവതിയുടെ പരാതി നൽകിയിരിക്കുന്നത് . ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി നല്‍കിയ യുവതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി ഫാ. എബ്രഹാം വര്‍ഗീസിന്റെ വീഡിയോ വ്യാഴാഴ്ച യൂ ട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് പന്ത്രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അദ്ദേഹം വിശദീകരിച്ചത്.യുവതിയെയും കുടുംബത്തെയും കുറിച്ച്‌ മോശം പരാമര്‍ശങ്ങളും വീഡിയോയിലുണ്ടായിരുന്നു. വീഡിയോ വലിയ ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയ്തതോടെ ഇത് പിന്നീട് പിന്‍വലിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്.