ദാവൂദ് ഇബ്രഹാമിന്റെ സഹോദരനെ വിഐപി രീതിയിൽ പരിഗണിച്ച പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

police

അധോലോക ഭീകരനായ ദാവൂദ് ഇബ്രഹാമിന്റെ സഹോദരനെ വിഐപി രീതിയിൽ പരിഗണിച്ച പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ദാവൂദ് ഇബ്രഹാമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കാസ്കറിനാണ് പോലീസ് വിഐപി രീതിയിൽ പരിഗണിച്ചത്. മുംബൈ താനെ പൊലീസില്‍ നിന്നാണ് വിഐപി പരിഗണന ലഭിച്ചത്. 2013ല്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ താനെ ജയിലില്‍ കഴിയുന്ന ഇഖ്ബാലിനെ ആശുപത്രിയില്‍ പോകും വഴിയാണ് പൊലീസില്‍ നിന്ന് പ്രത്യേക പരിഗണന ലഭിച്ചത്. ഇഖ്ബാലിന് സ്വകാര്യ ആഡംബര വാഹനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ബിരിയാണി കഴിക്കാനും താനെ പൊലീസ് സൗകര്യം നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. സബ് ഇന്‍സ്പെകടറും നാവു കോണ്‍സ്റ്റബിളുമാര്‍ക്കുമാണ് സസ്പെന്‍ഷന്‍ കിട്ടിയത്. ഇഖ്ബാല്‍ ആഡംബര വാഹനത്തില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് എത്തിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ താനെ പൊലീസ് അന്വേഷണത്തിന് ഉത്തരവ് ഇടുകയായിരുന്നു. ചികില്‍സാര്‍ത്ഥം ഇഖ്ബാലിനെ പുറത്ത് കൊണ്ടു പോയ പൊലീസ് സംഘം വിഐപി പരിഗണന നല്‍കിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍.