യുവതിയെ മയക്കിയതിനു ശേഷം ഡോക്ടർ ബലാത്സംഗം ചെയ്തു

rape doctor

വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതിയെ ഡോക്ടർ മയക്കിയതിനു ശേഷം ബലാത്സംഗം ചെയ്തു. ഉറക്ക ഗുളിക നല്‍കിയതിനു ശേഷമാണു ഡോക്ടർ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ സീതാപൂരിയില്‍ താമസിക്കുന്ന രാംനരേശിന്റെ ഭാര്യയാണ് ഗ്രാമത്തിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറായ സത്യനാരയണനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. രാംനരേശും ഭാര്യയും കെട്ടിട നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടു ഉപജീവനം നടത്തുന്നവരാണ്.
യുവതിക്ക് കഴിഞ്ഞ അഞ്ച് ദിവസമായി കടുത്ത വയറുവേദനയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതിയും ഭര്‍ത്താവും ഡോക്ടറെ സമീപിച്ചത്. യുവതിയെ പരിശോധിച്ച ഡോക്ടര്‍ വയറ്റില്‍ മുഴ വളരുന്നുണ്ടെന്നും ഇപ്പോള്‍ തന്നെ അഡ്മിറ്റാകാനും ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഭര്‍ത്താവിനെ പാന്‍ മസാല വാങ്ങാന്‍ പുറത്തേക്ക് പറഞ്ഞ് വിട്ട ഡോക്ടര്‍ യുവതിക്ക് ഉറക്ക് ഗുളിക നല്‍കി പീഡിപ്പിക്കുകയായിരുന്നു. പാന്‍മസാല വാങ്ങി തിരിച്ചെത്തിയ ഭര്‍ത്താവിനോട് യുവതി നടന്ന സംഭവങ്ങളെല്ലാം തുറന്നു പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇരുവരേയും പ്രലോഭിപ്പിക്കാന്‍ 25000 രൂപ ഡോക്ടര്‍ വാഗ്ദാനം ചെയ്‌തെങ്കിലും ദമ്പതികള്‍ ഈ പണം വാങ്ങുവാന്‍ കൂട്ടാക്കിയില്ല. ഇരുവരും ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തി വരുകയാണ്.