നിരവ് മോദിയുടെ അമേരിക്കയിലെ ആസ്തികളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് അവകാശം

neerav modhi

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 14000 കോടി രൂപ സ്വന്തമാക്കിയ വജ്രവ്യാപാരി നിരവ് മോദിയുടെ അമേരിക്കയിലെ ആസ്തികളില്‍ ബാങ്കിന് അവകാശമുണ്ടെന്ന് ന്യൂയോര്‍ക്കില്‍ പാപ്പര്‍ ഹര്‍ജികള്‍ പരിഗണിക്കുന്ന കോടതി വിധിച്ചു. മോദി വിറ്റ ആസ്തികള്‍ക്കും ഇത് ബാധകമാണെന്നു വ്യക്തമാക്കിയ കോടതി വജ്രവ്യാപാരിയയും നാലു കൂട്ടാളികളെയും കണ്ടെത്താന്‍ സമന്‍സ് പുറപ്പെടുവിക്കണമെന്നും നിര്‍ദേശിച്ചു.  അമേരിക്കന്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ മോദി തയാറായേക്കുമെന്നാണ് സൂചന. അല്ലാത്തപക്ഷം അമേരിക്കന്‍ നിയമമനുസരിച്ചുള്ള നടപടികള്‍ അദ്ദേഹത്തിനു നേരിടേണ്ടി വരും. കോടതിയില്‍ ഹാജരായാല്‍ ബാങ്ക് ഫണ്ട് തട്ടിപ്പിന്റെ കാര്യങ്ങളില്‍ അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം പറയേണ്ടി വരും.  മോദിക്കു പുറമേ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന മിഹിര്‍ ബന്‍സാലി, രാഖി ബന്‍സാലി, അജയ് ഗാന്ധി, കുനല്‍ പട്ടേല്‍ എന്നിവര്‍ക്കെതിരേ കൂടിയാണ് സമന്‍സ് പുറപ്പെടുവിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. മോദി അമേരിക്കന്‍ കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട വില്‍പന നടപടികളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയം അമേരിക്കന്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. മോദിയുടെ അമേരിക്കയിലെ കടക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിനു ലഭ്യമാക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ചുവെന്ന് കരുതപ്പെടുന്ന ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണിലില്‍ ഉയര്‍ന്ന പദവിയാണ് മിഹിര്‍ ബന്‍സാലി വഹിച്ചിരുന്നത്. മോദിയെ കണ്ടെത്താന്‍ അമേരിക്കന്‍ കോടതി നിര്‍ദേശിച്ചത്, അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷ.