നടൻ ദിലീപ് അറസ്റ്റിൽ; യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ (video)

0
47


കൊച്ചിയിൽ യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിൽ. നടിക്കെതിരായ ആക്രമത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയതിനാണ് അറസ്റ്റ്. ആക്രമണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം. ഇന്ന് (തിങ്കളാഴ്ച) രാവിലെ മുതൽ ദിലീപ് പോലീസ് കസ്റ്റഡിയിലായിരുന്നു എന്നാണ് വിവരം. ദിലീപിന്റെ അറസ്റ്റ് വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചുകഴിഞ്ഞു
കഴിഞ്ഞ ആഴ്ച ദിലീപിനെയും നാദിര്‍ഷയെയും ആലുവ പോലീസ് ക്ലബില്‍ വെച്ച് 13 മണിക്കൂര്‍ നേരം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാരത്തോണ്‍ ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ വിവരങ്ങളാണ് പോലീസിന് സഹായകരമായത് എന്നാണ് വിവരം.
13 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വീണ്ടും ദീലീപിനെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് രഹസ്യകേന്ദ്രത്തില്‍ വെച്ച് ദിലീപിനെ ചോദ്യം ചെയ്തു. ഇതിന് ശേഷമായിരുന്നു അറസ്റ്റ്. ഇപ്പോള്‍ ആലുവ പോലീസ് ക്ലബിലാണ് ദിലീപ് ഉള്ളത്.
നടിയെ ആക്രമിച്ച പൾസർ സുനിയുമായുള്ള ബന്ധമാണ് ദിലീപിന് വിനയായത്. പൾസർ സുനിയുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടായിരുന്നു ദിലീപ് ആദ്യം സ്വീകരിച്ചത്. പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റിൽ പൾസർ സുനി നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ ഇത് പാളി.
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനത്തില്‍ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. ഈ പരിശോധനയിൽ കിട്ടിയ വിവരങ്ങളാണ് ദിലീപിന്റെ അറസ്റ്റിലേയ്ക്ക് നയിച്ചത്. കാവ്യയുടെ ലക്ഷ്യയില്‍ റെയ്ഡ് നടന്നതോടെ ദിലീപ് കുടുങ്ങുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു.
ആലുവ പോലീസ് ക്ലബില്‍ വെച്ച് 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ തന്നെ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നത്രെ. എന്നാല്‍ അന്ന് ദിലീപ് അറസ്റ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ദിലീപിന് ആശ്വസിക്കാന്‍ സമയം കൊടുത്ത പോലീസ് വൈകാതെ കെണിയൊരുക്കി, ആ കൃത്യം പൂര്‍ത്തിയാക്കി.
ആദ്യ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് ദിലീപ് ശ്രമിച്ചിരുന്നു എന്നാല്‍ അറസ്റ്റ് ഉണ്ടാവില്ല എന്ന ധാരണ കൊണ്ടായിരിക്കണം, ദിലീപ് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം ഉപേക്ഷിച്ചു. ബഹളങ്ങള്‍ ഒതുങ്ങിയതോടെ പോലീസ് ദിലീപിനെ വീണ്ടും വിളിച്ചുവരുത്തുകയും നൊടിയിടയില്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വളരെ സൂക്ഷ്മമായിട്ടാണ് പോലീസ് ഈ ഘട്ടത്തില്‍ പെരുമാറിയത്.