റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വധം;ചക്കര ജോണി രാജ്യം വിട്ടിട്ടില്ല

real estate murder

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അങ്കമാലി നായത്തോട്ടത്തില്‍ വീരന്‍പറമ്പില്‍ അപ്പുവിന്റെ മകന്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് അന്വേഷണ സംഘം. ഇയാളുടെ പേരിലുള്ള പാസ്പോര്‍ട്ട് രേഖകള്‍ കൊരട്ടിയിലെ വീട്ടില്‍ അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ കോയമ്പത്തൂര്‍ വിമാനത്താവളം വഴി രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.

കേസിലെ മുഖ്യപ്രതിയായ ജോണിക്ക് ആസ്ട്രേലിയ, യു.എ.ഇ, തായ്ലന്റ് രാജ്യങ്ങളിലെ വിസ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് ഇയാള്‍ രാജ്യം വിട്ടെന്ന സംശയത്തിന് ഇടയാക്കിയത്. ജോണിയെ കണ്ടെത്താന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജോണിയടക്കം മൂന്നു പേരാണ് ഗൂഢാലോചനയില്‍ പ്രതികളായുള്ളത്. അതേസമയം, കൊലപാതകത്തില്‍ പ്രമുഖ അഭിഭാഷകന്‍ അഡ്വ.സി.പി.ഉദയഭാനുവിനും പങ്കുണ്ടെന്ന ആരോപണവുമായി രാജീവിന്റെ മകന്‍ അഖില്‍ രംഗത്തെത്തി. സംഭവത്തിന് പിന്നില്‍ അഭിഭാഷകനുള്ള പങ്ക് അന്വേഷിക്കണമെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ, ഉദയഭാനുവില്‍നിന്ന് വധഭീഷണിയുളളതായി മരിച്ച രാജീവന്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു.

കേസില്‍ അറസ്റ്റിലായ പ്രതികളും അഭിഭാഷകനെതിരെ മൊഴി നല്‍കിയതായാണ് വിവരം. എന്നാല്‍ പിതാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ജോണിയാണെന്നും അഖില്‍ വെളിപ്പെടുത്തിയെന്നും വിവരമുണ്ട്.

രാജീവും കേസിലെ മുഖ്യപ്രതി ചക്കര ജോണിയും ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അങ്കമാലി കേന്ദ്രീകരിച്ച് 200 കോടിയിലധികം രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഭൂമിക്ക് അഡ്വാന്‍സ് നല്‍കാനായി ജോണിയില്‍ നിന്ന് വാങ്ങിയ കോടികള്‍ രാജീവ് അടിച്ചുമാറ്റിയതാണ് ശത്രുതയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ഈ തുക ഉപയോഗിച്ച് സ്വന്തം പേരില്‍ ഭൂമി വാങ്ങിക്കൂട്ടി. ഇത് തിരികെ എഴുതി വാങ്ങുന്നതിനായാണ് രാജീവിനെ തട്ടിക്കൊണ്ട് പോയത്. സഹായിയായ ഗുണ്ടകള്‍ പിന്നീട് രാജീവിനെ എന്തിന് കൊലപ്പെടുത്തിയെന്ന് വ്യക്തമല്ല.