രാജ്യത്ത് പെട്രോള്‍ ലീറ്ററിന് വെറും 15 രൂപയ്ക്ക് വിതരണം ചെയ്യാനുള്ള മാര്‍ഗം പറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ നടന്ന കര്‍ഷകറാലിയിലാണ് പെട്രോള്‍ വില പിടിച്ചുകെട്ടാനുള്ള നൂതന മാര്‍ഗം ഗഡ്കരി വ്യക്തമാക്കിയത്. എഥനോള്‍– വൈദ്യുതി സമന്വയം സാധ്യമായാല്‍ പെട്രോളിന്റെ വില ലീറ്ററിന് 15 ആയി കുറയ്ക്കാനാകുമെന്നാണ് മന്ത്രിയുടെ വാദം. എഥനോളിലും വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് പ്രതിവിധി. എഥനോള്‍ 60 ശതമാനവും വൈദ്യുതി 40 ശതമാനവുമെന്ന കണക്കിലെത്തിയാല്‍ മതിയെന്നും ഇതുവഴി ഇന്ധന ഇറക്കുമതിക്ക് ചിലവാകുന്ന 16 ലക്ഷം കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും ഇത് ക്രമേണെ കര്‍ഷകരിലേക്ക് തന്നെ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകര്‍ അന്നദാതാക്കള്‍ മാത്രമല്ല ഊര്‍ജദാതാക്കള്‍ കൂടിയാണെന്നും എഥനോളില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും പിന്നില്‍ കര്‍ഷകരാണെന്നും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഊര്‍ജദാതാക്കള്‍ കൂടിയാകുന്ന നാളെയാണ് തന്റെ സ്വപ്നമെന്നും ഗഡ്കരി പറഞ്ഞു. എഥനോള്‍– വൈദ്യുതി മിശ്രണം നടപ്പിലാകുന്നതോടെ മലിനീകരണത്തിന്റെ അളവും വലിയതോതില്‍ കുറയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിദിനം 5041 ബാരല്‍ പെട്രോള്‍ രാജ്യത്ത് ഉപയോഗിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്