ന്യൂയോര്‍ക്കിലെ മന്‍ഹട്ടനില്‍ ഭീകരാക്രമണം;ഐഎസ് തന്നെയെന്നു സൂചന

manhunt terrorist attack

ന്യൂയോര്‍ക്കിലെ മന്‍ഹട്ടനില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ തീവ്രവാദ സംഘടനയായ ഐഎസ് തന്നെയെന്നു സൂചന. തിരക്കേറിയ ബൈസിക്കിള്‍ പാതയിലേക്ക്വാ ഹനമോടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. എട്ട് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.  ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നു മണിയോടെ തിരക്കേറിയ ചേമ്പേഴ്‌സ് ആന്‍ഡ് വെസ്റ്റ് സ്ട്രീറ്റ് മേഖലയിലാണ്  സംഭവം. ആക്രമണം നടത്തിയ ട്രക്കിനുള്ളില്‍ നിന്ന് ഇത് ചെയ്തത് ഐഎസിനു വേണ്ടിയെന്ന കുറിപ്പ് കണ്ടെടുത്തതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഐഎസ് ഭീകരരുടേതിന് സമാനമായ പതാകയും ലേഖനങ്ങളും ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റിയ ട്രക്കില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

29കാരനായ സെയ്ഫുള്ള സയ്‌പോവ് എന്നാണ് അക്രമം നടത്തിയ ആളുടെ പേര്. രണ്ട് തോക്കുകളും അക്രമിയുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഉസ്ബക്കിസ്ഥാന്‍ പൗരനായ സെയ്ഫുള്ളൊ 2010ലാണ് അമേരിക്കയില്‍ എത്തിയത്. ന്യൂ ജേര്‍സിയില്‍ താമസിക്കുന്ന ഇയാളുടെ കൈവശമുള്ളത് ഫ്‌ളോറിഡയിലെ ലൈസന്‍സാണ്.  വാടയ്ക്ക് എടുത്ത ട്രക്കുമായാണ് ഇയാള്‍ ആക്രമണം നടത്താന്‍ എത്തിയത്. സൈക്കിളുകള്‍ ആദ്യം ഇടിച്ചുതെറിപ്പിച്ച ട്രക്ക് പിന്നീട് ഒരു സ്‌കൂള്‍ ബസിലും ഇടിച്ചു. അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് വെടിവെച്ച് വീഴ്ത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അയാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പ്രതി അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

സ്വന്തമായി ട്രക്ക് കമ്പനിയുള്ളയാളാണ് സായ്‌പോവ്. എന്നാല്‍, വാടകയ്‌ക്കെടുത്ത കാറുമായാണ് ആയാള്‍ ആക്രമണം നടത്തിയത്. വാഹനവുമായി തിരക്കുള്ള ബൈക്ക് പാതയില്‍ വേഗത്തില്‍ ഓടിക്കുകയായിരുന്നു. സൈക്കിള്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തി മുന്നോട് പോയ ട്രക്ക് പിന്നീട് സ്‌കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് മാന്‍ഹട്ടനിലെ ഹഡ്‌സണ്‍ നദിയോട് ചേര്‍ന്നുള്ള തെരുവുകള്‍ പോലീസ് അടച്ചിട്ടു. തുടര്‍ന്ന് ഹാലോവീന്‍ ഫെസ്റ്റിവല്ലും പരേഡും നടക്കാനിരിക്കുന്ന ഗ്രീന്‍ വിച്ചിൽ പോലീസ് പരിശോധന നടത്തി. ഭീരുത്വം നിറഞ്ഞ ആക്രമണമായിരുന്നുവെന്നു ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡെ ബ്ലാസിയോ വിലയിരുത്തി.ആക്രമണത്തിനുള്ള കാരണം പോലും അറിയാത്ത പാവങ്ങളോടാണ് ഭീകരരുടെ കൊടുംക്രൂരതയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപ കാലത്ത് പല രാജ്യങ്ങളിലും ഐഎസ് സമാന ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ആക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐഎസിന് ശ്ക്തമായി താക്കീതും നല്‍കി. അമേരിക്കയില്‍ ഐഎസിന്റെ പ്രവര്‍ത്തനം അനുവദിക്കില്ല. ഇവരെ വേരോടെ പറിച്ചെറിയുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

മരിച്ചവരില്‍ അര്‍ജന്റീനയില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അര്‍ജന്റീനിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.  പ്രദേശം പോലീസ് നിയന്ത്രണത്തിലാണ്. മരണസംഖ്യ കൂടിയേക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.അടുത്തിടെയായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് ട്രക്ക് പോലുള്ള വാഹനങ്ങള്‍ ആണെന്നതും ശ്രദ്ധേയമാണ്.