ഹിന്ദുമത ആഘോഷ ദിവസങ്ങളിൽ മദ്രസകൾക്ക് അവധി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

adhithyanath

ഹിന്ദുമത ആഘോഷ ദിവസങ്ങളിൽ മദ്രസകൾക്ക് അവധി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. അതേസമയം റംസാൻ അവധി ദിവസങ്ങളുടെ എണ്ണം കുറക്കുകയും ചെയ്തു. ഒഴിവുദിനങ്ങളുടെ എണ്ണം 92ൽ നിന്നും 86 ആക്കി കുറച്ച സർക്കാറിൻെര ഉത്തരവ് ഇതിനകം വിവാദമായി. ഒഴിവുകൾ വെട്ടിക്കുറിച്ച സർക്കാർ തീരുമാനത്തെ മുസ്ലീം പുരോഹിതരും സാമൂഹിക പ്രവർത്തകരും സ്വാഗതം ചെയ്തെങ്കിലും റംസാൻ മാസത്തിലെ അവധി കുറച്ച തീരുമാനത്തിനെതിരെ രംഗത്തെത്തി. മുസ്ലിംകളുടെ പുണ്യമാസമായ റംസാൻ മാസത്തിലെ അവധി ദിനങ്ങൾ വെട്ടിക്കുറക്കുന്നതിന് മുമ്പ് പുരോഹിതരുമായി ചർച്ച ചെയ്യേണ്ടതായിരുന്നെന്ന് ഇവർ അഭിപ്രായപ്പെട്ടു.  പുതിയ ഉത്തരവിൻെറ പശ്ചാത്തലത്തിൽ യു.പി മദ്രസ ബോർഡ് സംസ്ഥാനത്തെ 16,461 മദ്രസകൾക്കായി  ഒരു പുതിയ അവധിക്കാല കലണ്ടർ പുറത്തിറക്കി. മഹാനവമി, ദസറ, ദീപാവലി, രക്ഷാ ബന്ധൻ, ബുദ്ധപൂർണ്ണിമ, മഹാവീർ ജയന്തി എന്നീ ആഘോഷങ്ങളിൽ മദ്രസകൾക്ക് അവധി നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. നബിദിന അവധി ദിനങ്ങൾ ഒന്നിൽ നിന്നും രണ്ടാക്കി വർധിപ്പിച്ചിട്ടുണ്ട്. മഹത് വ്യക്തിത്വങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധനം സൃഷ്ടിക്കുന്നതിനായി പുതിയ അവധി ദിനങ്ങൾ നൽകിയതായി മദ്രസാ ബോർഡ് രജിസ്ട്രാർ രാഹുൽ ഗുപ്ത വ്യക്തമാക്കി. അതേസമയം ആർ.എസ്.എസ് സ്കൂളുകളിലെ വിദ്യാർത്ഥികൾ മുസ്ലിം ആചാരങ്ങളെക്കുറിച്ച് പഠിക്കണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു.മുഖ്യമന്ത്രി യോഗിയുടെ നടപടി സ്വാഗതം ചെയ്യുന്നു. എല്ലാവരും എല്ലാ ആചാരങ്ങളെയും കുറിച്ച് പഠിക്കണം. ഈദ് ദിനം അടക്കമുള്ള മുസ്ലിം  ആഘോഷ ദിനങ്ങളിൽ ആർ.എസ്.എസ് സ്കൂളുകളും അടച്ചിടണം.  വിദ്യാർത്ഥികളെ ഇവയെക്കുറിച്ച് പഠിപ്പിക്കണം. റംസാൻ അവധി ദിവസങ്ങൾ വെട്ടിക്കുറച്ച സർക്കാർ നടപടി പുന പരിശോധിക്കേണ്ടതാണ്- സാമൂഹ്യ പ്രവർത്തക താഹിറ ഹസൻ പറഞ്ഞു. റംസാൻ മാസത്തെ ഒഴിവുദിനങ്ങൾ വർദ്ധിപ്പിക്കാനും മദ്രസകളിലെ അവധി കലണ്ടർ പുനഃപരിശോധിക്കാനും സർക്കാറിനോട് ആവശ്യപ്പെടുന്നു. മദ്രസ ബോർഡിൽ അഫിലിയേറ്റ് ചെയ്യാത്ത മദ്രസകൾ ഈ ഉത്തരവ് അംഗീകരിക്കില്ല. ആർ.എസ്.എസ് നടത്തുന്ന ശിശു മന്ദിറുകളിൽ ബക്രിദിനെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതുണ്ട്. പലർക്കും ബക്രീദിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ട്-മുസ്ലിം പണ്ഡിതൻ സുഫിയാൻ നിസാമി ആവശ്യപ്പെട്ടു.