ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം ആത്മഹത്യയാണെന്ന് പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

suicide

പശ്ചിമ ബംഗാളിലെ പുരുലിയയിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം ആത്മഹത്യയാണെന്ന് പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെയാണ് ബി.ജെ. പി പ്രവര്‍ത്തകനായ ദുലാല്‍ കുമാറിനെ (30) വൈദ്യുത പോസ്റ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് ദിവസത്തിനിടെ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ സമാന രീതിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത് സംസ്ഥാനത്ത് ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയാക്കിയിരുന്നു.ദഭയില്‍ പലചരക്കുകട നടത്തിയിരുന്ന ദുലാല്‍ കഴിഞ്ഞ ദിവസം കടയ്ക്ക് സമീപം താമസിക്കുന്ന പിതാവിന് ഭക്ഷണം കൊടുക്കാനായാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ അടുത്ത ദിവസം ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ദുലാലിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണെന്ന ആരോപണമുന്നയിച്ച്‌ ഇയാളുടെ കുടുംബവും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനിടെ ഇന്ന് ദുലാല്‍ കുമാറിന്റെ കുടുംബം റോഡ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ച കുരുക്ക്, കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്നുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നു കണ്ടെത്തിയതായും പുരുലിയ എസ്.പി ആകാശ് മഘാരിയ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. വളരെ ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് ബി.ജെപിയുടെ ആരോപണം. ഇക്കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മാവോയിസ്‌റ്റുകളുടെ പിന്തുണ ലഭിച്ചതായും ബി.ജെ.പി ആരോപിക്കുന്നു.