സാക്കിർ നായിക്കിനെ വിട്ടുകിട്ടാനായി ഇന്ത്യ പരിശ്രമിക്കുന്നു

sakhir naik

വിവാദമത പ്രഭാഷകൻ സാക്കിർ നായിക്കിനെ വിട്ടുകിട്ടാനായി ഇന്ത്യ ശക്തമായ ശ്രമങ്ങൾ തുടങ്ങി . ഇതുസംബന്ധിച്ചു മലേഷ്യയ്ക്ക് വൈകാതെ തന്നെ അപേക്ഷ നൽകുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും ഏതാനും ദിവസങ്ങൾക്കകം കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്നും മന്ത്രാലയം വക്താവ് രവീഷ് കുമാർ അറിയിച്ചു.

സാക്കിർ നായിക്കിനു മലേഷ്യയിൽ സ്ഥിരതാമസത്തിന് അനുവാദം നൽകിയെന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണു പുതിയ നീക്കം. മലേഷ്യയിൽ നായിക്കിനെതിരെ കേസുകളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് സ്ഥിര താമസാനുമതി നൽകിയതെന്നും മലേഷ്യൻ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി പറഞ്ഞു.

ഇന്റർപോളിനോട് സാക്കിർ നായിക്കിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മലേഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്. സാക്കിർ നായിക്ക് മലേഷ്യയിൽ സ്ഥിരതമാസമാക്കാനാണ് നീക്കമെന്നും എൻ ഐ എ കരുതുന്നു.

സാക്കിർ നായിക്കിന് ഏതെങ്കിലും രാജ്യത്ത് പൗരത്വം കിട്ടുന്നത് തടയാൻ നയതന്ത്രതലത്തിൽ ഇന്ത്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി ലഭിക്കാത്ത സാഹചര്യത്തിലാണ് സ്ഥിരതാമസാനുവാദം നൽകാൻ മലേഷ്യ തയാറായതെന്നു വാർത്താഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിദ്വേഷ പ്രസംഗം നടത്തിയതിനു നായിക്കിനെതിരെ ഏതാനും ദിവസം മുൻപ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളാണു തങ്ങളെ ഭീകരപ്രവർത്തനങ്ങൾക്കു പ്രേരിപ്പിച്ചതെന്നു ബംഗ്ലദേശിലെ ധാക്കയിൽ 2016 ജൂലൈയിൽ സ്ഫോടനം നടത്തിയ ഭീകരർ സമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് അന്വേഷിക്കുന്നതിനിടെ 2016 ജൂലൈയിൽ നായിക് ഇന്ത്യ വിട്ടു. ഇയാൾക്കെതിരെ കള്ളപ്പണ ഇടപാട് ഉൾപ്പെടെ ഒട്ടേറെ കേസുകൾ എൻഐഎ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുംബൈയിലെ പ്രത്യേക കോടതിയിൽ 4000 പേജിലേറെ വരുന്ന കുറ്റപത്രമാണ് കഴിഞ്ഞ മാസം എൻഐഎ സമർപ്പിച്ചത്. അന്വേഷണ ഏജൻസിയുടെ ആവശ്യപ്രകാരം നായിക്കിന്റെ പാസ്പോർട്ടും വിദേശകാര്യമന്ത്രാലയം റദ്ദാക്കിയിരുന്നു. നായിക്കിനെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിട്ടുണ്ട്.