സംഘർഷം അവസാനിപ്പിക്കാൻ ആർ.എസ്​.എസ്​ മേധാവിയുമായി ചർച്ചക്ക്​ തയാർ: യച്ചൂരി

ആര്‍എസ്എസ് ചിന്താഗതികൾക്കെതിരെ സീതാറാം യെച്ചൂരി

കേരളത്തിലെ രാഷ്​ട്രീയ സംഘർഷം അവസാനിപ്പിക്കാൻ ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവതുമായി ചർച്ചക്ക്​ തയാറാണെന്ന്​ സി.പി.എം ജനറൽ​ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ, മോഹൻ ഭാഗവത്​ ചർച്ചക്ക്​ മുൻകൈയെടുക്കണമെന്ന്​ ഇന്ത്യ ടുഡേക്ക്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ, ത​ന്റെ നിർദേശം സ്വീകരിക്കാൻ അവർ തയാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശയപരമായി മേൽക്കൈ നേടാൻ കഴിയാത്തതിനാലാണ്​ ആർ.എസ്​.എസ്​ ആക്രമണം നടത്തുന്നത്​. കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ്​ വിജയത്തെതുടർന്ന്​ സി.പി.എം നടത്തിയ ആഹ്ലാദപ്രകടനത്തിനുനേരെ ആർ.എസ്​.എസ്​ പ്രവർത്തകർ ബോംബ്​ എറിയുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്​തിരുന്നു. പിന്നീടുണ്ടായ അക്രമങ്ങൾ ഇതിന്റെ തുടർച്ചയാണെന്ന്​ യെച്ചൂരി കൂട്ടിച്ചേർത്തു.