Friday, April 26, 2024
HomeKeralaശ്രീധരന്‍ പിള്ളയെ ഫോണില്‍ വിളിച്ച സംഭവം: തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി

ശ്രീധരന്‍ പിള്ളയെ ഫോണില്‍ വിളിച്ച സംഭവം: തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി

 ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെ ഫോണില്‍ വിളിച്ച സംഭവത്തില്‍ ശബരിമല തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയതായി ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ്. തന്ത്രിയുടെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തുലാമാസ പൂജയ്ക്ക് നട തുറന്ന സമയത്ത് യുവതീ പ്രവേശനത്തിനെതിരെ നടത്തിയ പരികര്‍മികളുടെ പ്രതിഷേധത്തില്‍ അടക്കം രാഷ്ട്രീയമുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞിദിവസം കോഴിക്കോടു നടന്ന യുവമോര്‍ച്ചയുടെ യോഗത്തില്‍ വച്ചായിരുന്നു ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. ശബരിമല സമരം ബി ജെ പി ആസൂത്രണം ചെയ്തതാണെന്നും തുലാമാസപൂജയുടെ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി തന്നെ ഫോണില്‍ വിളിച്ചിരുന്നു എന്നുമായിരുന്നു ശ്രീധരന്‍പിള്ള യോഗത്തില്‍ പ്രസംഗിച്ചത്.’തന്ത്രിസമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബി ജെ പിയെയാണ്. അല്ലെങ്കില്‍ അതിന്റെ സംസ്ഥാന അധ്യക്ഷനിലാണ്. അന്ന് സ്ത്രീകളെയും കൊണ്ട് അവര്‍ അടുത്തെത്തിയ അവസരത്തില്‍ ആ തന്ത്രി മറ്റൊരു ഫോണില്‍ എന്നെ വിളിച്ച്‌ സംസാരിച്ചു. അദ്ദേഹം അല്‍പം അസ്വസ്ഥനായിരുന്നു. നടയടച്ചാല്‍ കോടതി ഉത്തരവ് ലംഘിച്ചൂ എന്നു വരില്ലേ. സംഭവം കോടതി അലക്ഷ്യമാകുമെന്ന് പോലീസുകാര്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയിരുന്നു. ആ സമയത്ത് അദ്ദേഹം വിളിച്ചവരില്‍ ഒരാള്‍ ഞാനായിരുന്നു. ഞാന്‍ പറഞ്ഞു, തിരുമേനി ഒറ്റയ്ക്കല്ല. ഈ കോടതി കോടതിയലക്ഷ്യം നിലനില്‍ക്കില്ല. കോടതിയലക്ഷ്യത്തിന് കേസെടുക്കുകയാണെങ്കില്‍ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന് ആളുകളുണ്ടാകും കൂട്ടത്തില്‍. എനിക്ക് സാറു പറഞ്ഞ ഒറ്റവാക്കുമതി എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു ദൃഢമായ തീരുമാനം എടുക്കുകയായിരുന്നു. ആ തീരുമാനമാണ് പോലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്’ എന്നിങ്ങനെയായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസംഗം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments