തടവുകാരെ ജാമ്യം നിഷേധിച്ച് ദീര്‍ഘകാലം ജയിലില്‍ ഇടുന്നതിനെതിരെ സുപ്രീംകോടതി

supreme court

ജാമ്യം നിഷേധിച്ച് തടവുകാരെ ദീര്‍ഘകാലം ജയിലില്‍ ഇടുന്നതിനെതിരെ സുപ്രീംകോടതി. ഇത്തരം പ്രവണതകള്‍ നീതിന്യായസംവിധാനത്തിനും സമൂഹത്തിനും നല്ലതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 37 ലക്ഷം രൂപയുടെ വഞ്ചനക്കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ അഭിപ്രായ പ്രകടനം നടത്തിയത്. പോലീസ് കസ്റ്റഡി ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അനുകമ്പയും മനുഷ്യത്വവും കാണിക്കണം.കുറ്റം തെളിയിക്കപ്പെടുംവരെ കുറ്റാരോപിതന്‍ നിരപരാധിയാണെന്നതാണ് ക്രിമിനല്‍ നടപടിക്രമത്തിന്റെ അടിസ്ഥാനം. അതേസമയം, സാഹചര്യങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ പ്രതിക്ക് ജാമ്യം നിഷേധിക്കേണ്ടിയും വരും. നിര്‍ഭാഗ്യവശാല്‍ അടിസ്ഥാനതത്ത്വങ്ങളില്‍ ചിലത് അപ്രത്യക്ഷമാകുകയാണ്. ദീര്‍ഘകാലം തടവില്‍ കഴിയുന്നവരുടെ എണ്ണം കൂടിവരുന്നു. ജാമ്യം നല്‍കുന്നതും നിഷേധിക്കുന്നതും കേസ് പരിഗണിക്കുന്ന ജഡ്ജിയുടെ അധികാരത്തില്‍ വരുന്നതാണ്. അതേസമയം, സുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും മുമ്പുള്ള വിധികള്‍ ഈ അധികാരത്തിന് കടിഞ്ഞാണിടുന്നുണ്ടെന്ന കാര്യം പരിഗണിക്കണം. അതുകൊണ്ടുതന്നെ, ഒരു ജാമ്യഹരജി പരിഗണിക്കുമ്പോള്‍ അന്വേഷണത്തിനിടെയാണോ പ്രതി അറസ്റ്റിലാകുന്നത്, അയാളുടെ പൂര്‍വകാലചരിത്രം, കുറ്റകൃത്യത്തിലുള്ള പങ്ക്, അന്വേഷണവുമായി സഹകരിക്കാനുള്ള സന്നദ്ധത, ദാരിദ്ര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ കണക്കിലെടുക്കണം. പ്രതിയെ പൊലീസ് കസ്റ്റഡിയിലേക്കോ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കോ റിമാന്‍ഡുചെയ്യുന്ന തീരുമാനം തീര്‍ത്തും മനുഷ്യത്വപരമാകണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് ജഡ്ജിമാരെ ഓര്‍മിപ്പിച്ചു.