Saturday, April 27, 2024
HomeNationalസ്വവര്‍ഗരതി നിയമവിധേയമമാക്കണമെന്ന് ഹർജി; ചൊവ്വാഴ്ച്ച വാദം തുടങ്ങും

സ്വവര്‍ഗരതി നിയമവിധേയമമാക്കണമെന്ന് ഹർജി; ചൊവ്വാഴ്ച്ച വാദം തുടങ്ങും

സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടന ബഞ്ചിന് മുൻപാകെ ചൊവ്വാഴ്ച്ച വാദം തുടങ്ങും. നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ വാദം കേള്‍ക്കല്‍ നീട്ടണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് വനിതാ പ്രതിനിധി. സമാന ലിംഗക്കാര്‍ തമ്മിലുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പിന്റെ ഭരണഘടന സാധുതയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. നിലവില്‍ ഇത് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2009 ല്‍ ഡല്‍ഹി ഹൈക്കോടതിയാണ് പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി നിയമ വിധേയമാക്കിയത്. 377 ാം വകുപ്പ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് 2013 ല്‍ സുപ്രീംകോടതി റദ്ദാക്കി. ഈ ഉത്തരവിനെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജികളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 11.30 മുതല്‍ 1 വരെയും 2.30 മുതല്‍ 4 വരേയും വാദം നടക്കും സ്വകാര്യത മൗലിക അവകാശമാക്കിയ ഒമ്ബതംഗ ഭരണഘടനാ ബഞ്ച് വിധി അടിസ്ഥാനമാക്കിയാണ് ഹര്‍ജിക്കാരുടെ വാദങ്ങള്‍. ലൈംഗികത വ്യക്തികളുടെ സ്വകാര്യ സ്വാതന്ത്ര്യവും മൗലിക അവകാശവുമാണെന്ന് ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ്മാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബഞ്ചിലെ അംഗങ്ങള്‍. സ്ത്രീയും പുരുഷനും തമ്മില്‍ അല്ലാതെ ഉഭയ സമ്മതത്തോടെ നടക്കുന്ന മുഴുവന്‍ ലൈംഗിക ബന്ധങ്ങളും ക്രിമിനല്‍ കുറ്റമാണെന്നാണ് 377ാം വകുപ്പ് പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തിലെടുക്കുന്ന നിലപാട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറിന് രാഷ്ട്രീയപരമായി നിര്‍ണ്ണായകമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments