ബന്ധു നിയമന വിവാദം;മന്ത്രി കെ.ടി ജലീലിന് മേല്‍ രാജി സമ്മര്‍ദം

k T Jaleel

മന്ത്രി കെ.ടി ജലീലിന് മേല്‍ രാജി സമ്മര്‍ദം ശക്തമായിരിക്കുന്നു.ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് ജലീലിന് മേല്‍രാജി സമ്മര്‍ദം ശക്തമായത്. തനിക്കെതിരെ പ്രതിപക്ഷ ആക്രമണം ശക്തമായ സാഹചര്യത്തില്‍ എ.കെ.ജി സെന്ററിലെത്തി ജലീല്‍ സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഇതുവരെ സര്‍ക്കാരോ പാര്‍ട്ടിയോ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.കൂടാതെ, തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കാണിച്ച്‌ ജലീലിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമാനമായ സാഹചര്യം പാര്‍ട്ടിയും നേരിട്ട സാഹചര്യത്തില്‍ മന്ത്രി ജലീലിനെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. എന്നാല്‍ കോടതിയില്‍ നിന്ന് എതിര്‍ പരാമര്‍ശം ഉണ്ടായാല്‍ മാത്രം കടുത്ത നടപടിയിലേക്ക് പോയാല്‍ മതിയെന്ന അഭിപ്രായവും നേതൃനിരയില്‍ ഉണ്ട്. അതകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകമാണ്.  തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. എന്നാല്‍ അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ നല്‍കാന്‍ തയ്യാറായ ഉദ്യോഗസ്ഥയെ മന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പേഴ്‌സണല്‍ സെക്രട്ടറി തടഞ്ഞെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു.