രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ ബിജെപിയില്‍

rahul

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ ബിജെപിയില്‍ ചേര്‍ന്നു. അമേഠിയിലെ കോണ്‍ഗ്രസ് നേതാവും സമാജ് വാദി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന രാഹുല്‍ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ജംഗ് ബഹദൂര്‍ സിങ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. മൂന്ന് ദിവസം മുന്‍പ് ബഹദൂര്‍ കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവച്ചിരുന്നു. ബഹദൂര്‍ സിങിനൊപ്പം അമേഠിയിലെ 12 നേതാക്കളും പഞ്ചായത്ത് അംഗങ്ങളും പ്രവര്‍ത്തകരും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവച്ചിരുന്നു. ഇവരും ബഹദൂര്‍ സിങിനൊപ്പം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച നടക്കുന്ന അമിത് ഷായുടെ അമേഠി സന്ദര്‍ശനത്തില്‍ ബഹദൂര്‍ സിങിന് ബിജെപിയില്‍ ഔദ്യോഗിക അംഗത്വം നല്‍കും.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയാണ് ബഹദൂര്‍ സിങ് പാര്‍ട്ടി വിട്ടത്. അമേഠിയില്‍ രാഹുല്‍ ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നും സ്വന്തം മണ്ഡലം സന്ദര്‍ശിക്കാന്‍ രാഹുലിന് നേരമില്ലെന്നും ബഹദൂര്‍ സിങ് ആരോപിച്ചിരുന്നു.
ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ അഭിനന്ദനങ്ങളറിയിച്ച് കേന്ദ്രമന്ത്രിയും ബിജെപി വനിതാ നേതാവുമായ സ്മൃതി ഇറാനി ബഹദൂര്‍ സിങിന്റെ വസതിയിലെത്തി. കോണ്‍ഗ്രസിന്റെ ഭരണത്തിലും നിലപാടുകളിലും പ്രവര്‍ത്തകര്‍ക്ക് സംതൃപ്തിയോ സന്തോഷമോ ഇല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. സ്വന്തം മണ്ഡലത്തില്‍ പോലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത രാഹുല്‍ രാജ്യത്തിനു വേണ്ടി എന്ത് ചെയ്യാനാണെന്നും അവര്‍ പരിഹസിച്ചു.