റഫേൽ ഇടപാടിലെ വിവരങ്ങൾ ആവശ്യപ്പെട്ട് സുപ്രീം കോടതി

supreme court

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രതിരോധത്തിലാക്കിയ റഫേൽ ഇടപാടിലെ വിവരങ്ങൾ ആവശ്യപ്പെട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഫ്രാൻസിൽ നിന്നും 36 റഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തിനെതിരേ സമർപ്പിക്കപ്പെട്ട പൊതുതാത്പ്പര്യ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഈ ഇടപാടിലെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കാമെന്നും പക്ഷേ വിവരങ്ങൾ നൽകാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാല്‍ കേസില്‍ എതിര്‍കക്ഷിയായി ചേര്‍ത്തിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണെന്നും എതിര്‍കക്ഷി പ്രധാനമന്ത്രി ആയതിനാല്‍ നോട്ടീസ് അയക്കില്ലെന്നും കോടതി. സീൽ ചെയ്‌ത കവറിൽ ഒക്റ്റോബർ 29ന് വിവരങ്ങൾ സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയ്, ജസ്റ്റിസുമാരായ കെ.എം.ജോസഫ്, എസ്.കെ.കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. റഫേൽ കരാറിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് അഡ്വ.വിനീത് ഡാണ്ടയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. റഫേൽ അഴിമതിക്കു പിന്നിൽ വൻ അഴിമതിയാണുള്ളതെന്നു ഹർജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ ആരോപണങ്ങൾ രാഷ്‌ട്രീയപ്രേരിതമാണെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞത്. വിലയും സാങ്കേതിക കാര്യങ്ങളും പുറത്താകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. റാഫേല്‍ കരാര്‍ സംബന്ധിച്ച വിശദാംശങ്ങളും എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളുടെ കാലത്തെ കരാര്‍ തുക സംബന്ധിച്ച വിവരങ്ങളും സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഭിഭാഷകന്‍റെ പൊതുതാത്പ്പര്യ ഹർജി. റാഫേല്‍ ഇടപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് തഹ്സീന്‍ പൂനവാല കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ച മറ്റൊരു ഹരജിയും സുപ്രീംകോടതിയിലുണ്ട്. റഫേല്‍ ഇടപാടിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണ ഏജന്‍സി അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.