ബ്രൂവറി, ഡിസ്റ്റിലറി ഇടപാട് അഴിമതി നിരോധന പ്രകാരം അന്വേഷിക്കണം: രമേശ് ചെന്നിത്തല

ramesh chennithala

ബ്രൂവറി, ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് .  രമേശ് ചെന്നിത്തല മൂന്നാമതും ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെയും വലിയ അഴിമതിയാണ് ഇതിന്‍റെ പിന്നില്‍ നടന്നതെന്ന് ജനങ്ങള്‍ മനസിലാക്കുകയും ചെയ്തപ്പോള്‍ മൂന്ന് ബ്രൂവറിക്കും, ഡിസ്റ്റലറിക്കും നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദ് ചെയ്യുകയായിരുന്നു.എന്നാല്‍ അനുമതി റദ്ദാക്കിയാലും മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ കേസ് എടുക്കാമെന്നാണ് അഴിമതി നിരോധന നിയമത്തിൽ പറയുന്നത്. കുറ്റം ചെയ്താല്‍ മാത്രമല്ല കുറ്റം ചെയ്യാനുള്ള ശ്രമം നടന്നുവെന്ന് ബോധ്യപ്പെട്ടാലും അന്വേഷണം നടത്തി കേസ് എടുക്കാം. അഴിമതി നിരോധന നിയമം സെക്ഷന്‍ 13 ലെ സബ് സെ്ക്ഷന്‍ 1 പ്രകാരം രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അതോടൊപ്പം ക്രിമിനല്‍ ഗൂഡാലോചനക്ക് 120 ബി പ്രകാരവും ഇവര്‍ക്ക് രണ്ടു പേര്‍ക്കുമെതിരെ കേസ് എടുക്കാവുന്നതാണ്. ബ്രൂവറികള്‍ക്കും ഡിസ്റ്റലറിക്കും നല്‍കിയ അനുമതി പിന്‍വലിച്ചെങ്കിലും അഴിമതിക്ക് ശ്രമം നടത്തിയതിനും ക്രിമിനൽ ഗൂഢാലോചന നടത്തിയതും മുഖ്യമന്ത്രിക്കും, എക്‌സൈസ് മന്ത്രിക്കുമെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്താനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടത്. 1999ലെ സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിക്കൊണ്ടാണ് മൂന്ന് ബ്രൂവറിക്കും, ഒരു ഡിസ്റ്റലറിക്കും ഉള്ള അനുമതി സര്‍ക്കാര്‍ നല്‍കയിത്. വളരെ രഹസ്യമായി സര്‍ക്കാരിന് വേണ്ടപ്പെട്ട നാല് പേരില്‍ നിന്ന് മാത്രം അപേക്ഷകള്‍ എഴുതി വാങ്ങി അവര്‍ക്ക് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കുകയാണ് ചെയ്തത്. അനുമതി ലഭിച്ച രണ്ടു കമ്പനികളെക്കുറിച്ചുള്ള ദുരൂഹത നില നില്‍ക്കുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടത്തിന് വേണ്ടി ഔദ്യേഗിക പദവികള്‍ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ബ്രൂവറി ഡിസ്റ്റലറി ഉടമകളുമായി നടത്തിയ ഗൂഡാലോചനയാണ് ഈ ക്രമ വിരുദ്ധമായ ഇടപാടിലേക്കും അഴിമതിയിലേക്കും നയിച്ചതെന്ന് വ്യക്തമാവുകയാണ്. ശ്രീചക്ര ഡിസ്റ്റലറീസ്, പവര്‍ ഇന്‍ഫ്രാടെക്, അപ്പോളോ ഡിസ്റ്റലിറീസ്, ശ്രീധര്‍ ബ്രൂവറീസ് എന്നിവയുടെ ഉടമകളുമായി മുഖ്യമന്ത്രിയും, എക്‌സൈസ് മന്ത്രിയും കുറ്റകരമായ ഗൂഡാലോചന നടത്തിയാണ് ചട്ടങ്ങള്‍ എല്ലാം ലംഘിച്ച് അവക്ക് അനുമതി നല്‍കിയത്. ഇതില്‍ പവര്‍ ഇന്‍ഫ്രാടെക് വ്യാജ മേല്‍വിലാസമാണ് അപേക്ഷയില്‍ കാണിച്ചിരിക്കുന്നത്. മുന്‍ അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയും, ഇപ്പോള്‍ രാജ്യസഭാംഗവുമായ വ്യക്തിയുടെ ഡല്‍ഹിയിലെ വീടിന്‍റെ വിലാസം സ്വന്തം മേല്‍വിലാസമായി നല്‍കിയാണ് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മാത്രമല്ല ഈ കമ്പനിക്ക് കിന്‍ഫ്രയുടെ പത്തേക്കര്‍ ഭൂമി നല്‍കാനുള്ള തിരുമാനവും വലിയ ക്രമക്കേടിന്‍റെ ഫലമായിട്ടുണ്ടായതായിരുന്നു. അപേക്ഷ കിട്ടിയ ഉടന്‍ യാതൊരു അന്വേഷണവും നടത്താതെ ഭൂമി നല്‍കാന്‍ അധികാരമില്ലാത്ത ഉദ്യേഗസ്ഥന്‍ പവര്‍ ഇന്‍ഫ്രാടെകിന് ഭൂമി അനുവദിച്ച് നല്‍കുകയായിരുന്നു. ബ്‌ളെന്‍റിങ് ആന്‍റ് കോമ്പൗണ്ടിംഗ് യൂണിറ്റ് അനുവദിച്ച ശ്രീചക്ര ഡിസ്റ്റലറീസ് എന്ന കമ്പനിക്ക് കേവലം പതിനായിരം രൂപ മൂലധനം മാത്രമാണുള്ളത്. മാത്രമല്ല ഇവര്‍ക്ക് രജിസ്‌ട്രേഷനുമില്ല. എക്‌സൈസ് വകുപ്പിന്‍റെ ഭാഗത്ത് നിന്ന് യാതൊരു അന്വേഷണവും നടത്താതെയാണ് ഭൂമിയോ ഓഫിസോ സ്വന്തമായി ഇല്ലാത്ത കമ്പനിക്ക് ഡിസ്റ്റലറി തുടങ്ങാനായി അനുമതി നല്‍കിയത്. യാതൊരു സാമ്പത്തിക പശ്ചാത്തലവും ഇല്ലാത്ത ഈ രണ്ട് കമ്പനികളുടെ ഉടമകള്‍ ആര് എന്നതിനെക്കുറിച്ച് വലിയ ദുരൂഹത ഉണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.