Saturday, April 27, 2024
HomeKeralaറവ.ഡോ.ഉമ്മൻ ജോർജ് കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി

റവ.ഡോ.ഉമ്മൻ ജോർജ് കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി

ആയിരങ്ങളുടെ അധരങ്ങളിൽ നിന്ന് പ്രാർത്ഥനകൾ ഉയരുന്ന ധന്യമുഹൂർത്തത്തിൽ സിഎസ്ഐ കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി റവ.ഡോ.ഉമ്മൻ ജോർജ് അഭിഷിക്തനായി. കൊല്ലം സിഎസ്ഐ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ സിഎസ്ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മന്റെ മുഖ്യകാർമികത്വത്തിലാണ് സ്ഥാനമേറ്റെടുക്കൽ ചടങ്ങുകൾ നടന്നത്. പ്രാർഥനാഗാനങ്ങളാൽ മുഖരിതമായിരുന്ന. വിശ്വാസികളുടെ അകമ്പടിയോടെയാണ് റവ.ഡോ.ഉമ്മൻ ജോർജിനേ കത്തീഡ്രലിലേക്ക് ആനയിച്ചത്.തുടർന്ന് ഏവരും കാത്തിരുന്ന ചടങ്ങുകൾ. അധികാരത്തിന്റെ ചിഹ്നമായ അംശവടി മോഡറേറ്ററിൽനിന്ന് റവ.ഡോ.ഉമ്മൻ ജോർജ് ഏറ്റുവാങ്ങി. ബൈബിൾ, മോതിരം, കുരിശുമാല എന്നിവയും സ്വീകരിച്ചു. തുടർന്ന് വൈദികരും സന്യാസിനികളും അടങ്ങുന്ന വിശ്വാസസമൂഹം പുതുതായി നിയമിതനായ ബിഷപ്പിന്റെ അധികാരത്തെയും സ്ഥാനത്തെയും അംഗീകരിച്ച് പ്രഖ്യാപനം നടത്തി. വിശ്വാസ സമൂഹം ഏൽപ്പിച്ച കർത്തവ്യങ്ങൾ ഉത്തരാദിത്വത്തോടെ നിർവഹിച്ച് സഭയുടെ വഴികാട്ടിയാവുമെന്ന് ബിഷപ്പ് റവ.ഡോ.ഉമ്മൻ ജോർജ് പറഞ്ഞു

റവ.ഡോ.ഉമ്മൻ ജോർജ്, അഭിഷിക്തനായപ്പോൾ കാൽലക്ഷത്തോളം വിശ്വാസികൾ ചടങ്ങിന് സാക്ഷിയായി. ദക്ഷിണ കേരള മഹായിടവക വിഭജിച്ചാണു കൊല്ലം ആസ്ഥാനമാക്കി കൊല്ലം കൊട്ടാരക്കര മഹാഇടവക രൂപീകൃതമായത് ഡപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് ഡോ. വടപ്പള്ളി സദാനന്ദയും ശിശ്രൂഷകളിൽ പങ്കെടുത്തു മധ്യകേരള മഹായിടവക വൈദിക സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഉമ്മൻ ജോർജ് ബിഷപ്പായി ചുമതലയേറ്റത്.

വൈകീട്ട് നടന്ന സ്വീകരണസമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. മതേതരത്വം സംരക്ഷിക്കുന്നതില്‍ ഉറച്ച നിലപാടെടുക്കുന്ന ക്രൈസ്തവസമൂഹത്തിന്റെ പങ്ക് രാജ്യത്തെ പുതിയ സാഹചര്യങ്ങളില്‍ ഏറ്റവും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. സഭയ്ക്കുമാത്രമല്ല അതിന്റെ പ്രവര്‍ത്തനമേഖലയുടെ സമഗ്രമായ പുരോഗതിക്കും പുതിയ മഹാ ഇടവകയുടെയും ബിഷപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

സഭാ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ.ഉമ്മന്‍ അധ്യക്ഷനായിരുന്നു. എഴുത്തുകാരന്‍ കൊലചെയ്യപ്പെടുന്ന, സത്യമെഴുതുന്നവനെ ചുട്ടെരിക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ അതിനെതിരേ പോരാടാന്‍ സഭാംഗങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബിഷപ്പ് പറഞ്ഞു.

മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, സി.എസ്.ഐ. മുന്‍ മോഡറേറ്റര്‍ റവ. കെ.ജെ.ശാമുവേല്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., എം.എല്‍.എ.മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്‍.രാമചന്ദ്രന്‍, എം.നൗഷാദ്, സി.എസ്.ഐ. ബിഷപ്പുമാരായ റവ. ബി.എന്‍.ഫെന്‍, റവ. റോയ്‌സ് മനോജ് വിക്ടര്‍, മുന്‍ എം.എല്‍.എ. ജി.പ്രതാപവര്‍മ തമ്പാന്‍, ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണ, എക്‌സ്.ഏണസ്റ്റ്, മഹാ ഇടവക സെക്രട്ടറി വര്‍ക്കി ജേക്കബ്, ട്രഷറര്‍ പി.ഡി.ബനഡിക്ട് രാജ തുടങ്ങിയവര്‍ പങ്കെടുത്തു.

ചെന്നൈയിൽ CSI സിനഡ് ആസ്ഥാനത്ത് മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മന്റെ അധ്യക്ഷതയിൽ കൂടിയ കമ്മറ്റിയാണ് റവ. ഡോ. ഉമ്മൻ ജോർജിനെ ബിഷപ്പായി തെരഞ്ഞെടുത്തത്. കേരള റീജണൽ സിനഡ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം CSI സഭയിലെ സുവിശേഷകനായിരുന്ന പരേതനായ പുന്നയ്ക്കാട്ട് മലയിൽ കെ.സി ജോർജ്ജ് ഉപദേശിയുടെയും പരേതയായ മല്ലപ്പള്ളി പനവേലിൽ റേച്ചൽ ടീച്ചറിന്റെയും മകനാണ്. കോട്ടയം സിഎംഎസ് കോളജ്, ചെന്നൈ HIET, കണ്ണമ്മൂല വൈദിക സെമിനാരിയിൽ നിന്നും BTh, B.D ബിരുദങ്ങളും വേദ ശാസ്ത്രത്തിൽ ചിക്കാഗോയിൽ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മുണ്ടത്താനം, ഞാലിയാകുഴി, മാവേലിക്കര, ചിക്കാഗോ, മാമ്മൂട്, നെടുങ്ങാടപ്പള്ളി, മൂലേടം, കഞ്ഞിക്കുഴി എന്നീ സഭകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. CSI സിനഡ് അംഗം, സിഎസ്ഐ സിനഡ് മിഷൻ & ഇവാഞ്ചലിക്കൽ കമ്മറ്റിയംഗം, മധ്യകേരള മഹായിടവക എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, സി എസ് ഐ നോർത്ത് അമേരിക്കൻ, കൗൺസിൽ വൈസ് പ്രസിഡന്റ്, ശാലോം ഭവനദാന പദ്ധതി കൺവീനർ, മഹായിടവക മിഷൻ ബോർഡ് സെക്രട്ടറി, പാസ്റ്ററൽ ബോർഡ് സെക്രട്ടറി, അത്മായ സംഘടന വൈസ് പ്രസിഡന്റ്, മഹായിടവക കൺവെൻഷൻ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയത്തെ മതസൗഹാർദ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യവും പ്രസിദ്ധനായ കൺവെൻഷൻ പ്രാസംഗികനും ആണ്. ഭാര്യ ഏലിയാമ്മ ഉമ്മൻ, മക്കൾ ഡയാന, ലീസ, ലീന.

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments