ഇടുക്കിയിൽ മുതിര്‍ന്ന വ്യക്തിയുടെ അഴുകിത്തുടങ്ങിയ ശരീര ഭാഗം കണ്ടെത്തി

leg

ഇടുക്കിയിൽ കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ മനുഷ്യ ശരീരത്തിന്റെ ഭാഗം കണ്ടെത്തി. ഒരു മുതിര്‍ന്ന വ്യക്തിയുടെ കാലാണ് പുഴയോട് ചേര്‍ന്ന് കിടക്കുന്നതായി കണ്ടത് . കുഞ്ചിത്തണ്ണി സര്‍ക്കാര്‍ സ്‌കൂളിന് സമീപ ഭാഗത്തുള്ള പുഴയിലാണ് മനുഷ്യന്റെ കാല്‍ കണ്ടെത്തിയത്. സമീപവാസിയായ തോമസും ഭാര്യയും പുല്ലുവെട്ടുന്നതിനായി പുഴക്കരയിലെത്തിയപ്പോഴാണ് അഴുകിത്തുടങ്ങിയ ശരീര ഭാരം കണ്ടത്.തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വെള്ളത്തൂവല്‍ എസ്‌ഐ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു . പുഴയുടെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും മറ്റ് ശരീര ഭാഗങ്ങള്‍ കണ്ടെത്താനായില്ല. സമീപ സ്റ്റേഷനുകളിലെ കാണാതായ വ്യക്തികളെക്കുറിച്ചുള്ള കേസുകള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൂന്നാര്‍ ആറ്റുകാടില്‍ നിന്നും മണികണ്ഡന്റെ മകള്‍ വിജിയേയും ഒന്നരയാഴ്ച്ച മുമ്ബ് പള്ളിവാസല്‍ എട്ടാം വാര്‍ഡ് പവ്വര്‍ ഹൗസിലുള്ള പൂങ്കുടിയില്‍ ശിവരാമന്റെ മകള്‍ സന്ധ്യയേയും കാണാതായിരുന്നു. ഇത് സംബന്ധിച്ച പരാതി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിട്ടുണ്ട്. ഇവരില്‍ ആരുടെയെങ്കിലുമാണോ ശരീരഭാഗം എന്നതിനെ സംബന്ധിച്ച്‌ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇരുവരുടെയും ബന്ധുക്കള്‍ സ്ഥലത്തെത്തിയെങ്കിലും ശരീരഭാഗം തിരിച്ചറിയുവാന്‍ സാധിച്ചില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ ശരീരഭാഗം ഫോറന്‍സിക് പരിശോധനക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.