ജനവിരുദ്ധനയങ്ങളുടെ കാര്യത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ മത്സരമാണെന്ന് കെ.എം.മാണി

K M Mani

ജനവിരുദ്ധനയങ്ങളുടെ കാര്യത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ നടക്കുന്നത് ഒന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച നിയോജകമണ്ഡലം ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം പാലായില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസങ്ങളിലും ആചാരങ്ങളിലും ആവശ്യത്തിലധികം ഇടപെട്ട് സിപിഎമ്മും സര്‍ക്കാരും ജനദ്രോഹനടപടികളില്‍നിന്നും ശ്രദ്ധ തിരിക്കുകയാണ്. പള്ളികളുടെയും ക്ഷേത്രങ്ങളുടെയും കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. അതില്‍ സര്‍ക്കാര്‍ ഇടപെടുന്നതും നിരീശ്വരവാദികളായ നേതാക്കന്മാര്‍ അഭിപ്രായം പറയുന്നതും ധാര്‍മ്മികമല്ല. ഇത്തരം വിഷയങ്ങള്‍ വിവാദമാക്കി ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന വിഷയങ്ങളില്‍നിന്നും സര്‍ക്കാര്‍ ഒളിച്ചോടുകയാണ് ചെയ്യുന്നത്. സംസ്ഥാനം ഈടാക്കുന്ന ഇന്ധനനികുതി കുറയ്ക്കണം. കേന്ദ്രസര്‍ക്കാര്‍ നികുതി ചെറിയ തോതിലെങ്കിലും കുറയ്ക്കാന്‍ തയ്യാറായ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന് ഇക്കാര്യത്തില്‍ ധാര്‍മ്മിക ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും ചങ്ങനാശ്ശേരിയില്‍ സി.എഫ്. തോമസ് എം.എല്‍.എയും കുറവിലങ്ങാട് ജോസ് കെ.മാണി എം.പിയും മുണ്ടക്കയത്ത് ആന്റോ ആന്റണി എം.പിയും കൂരോപ്പടയില്‍ ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പും ഏറ്റുമാനൂരില്‍ തോമസ് ചാഴികാടനും പള്ളിക്കത്തോട്ടില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എയും വൈക്കത്ത് ജോസി സെബാസ്റ്റ്യനും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജോയ് ഏബ്രഹാം എക്സ് എം.പി, കുര്യന്‍ ജോയി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടം, മുസ്ലീംലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി, ഐ.എന്‍.ടി.യുസി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് തുടങ്ങിയവര്‍ ജില്ലയിലെ വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു.