മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ആരോഗ്യനിലയിൽ പുരോഗതി

vajpayee

വൃക്ക രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി എയിംസ് അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും, അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്നും രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാണെന്നും എയിംസ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.വാജ്പേയിയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടങ്ങിയ നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായ വാജ്പേയി 2009 മുതല്‍ പൊതുജീവിതത്തില്‍നിന്ന് അകന്ന് കഴിയുകയാണ്.