പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല ; കേന്ദ്ര സര്‍ക്കാര്‍

aadhar

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍. ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കാന്‍ വിരമിച്ച ജീവനക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇതു കണക്കിലെടുത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന് ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്.ആധാര്‍ എന്നത് ബാങ്കുകളില്‍ പോകാതെ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള സംവിധാനമാണെന്ന് ജിതേന്ദ്ര സിങ് നേരത്തെ പറഞ്ഞിരുന്നു. 12 അക്കമുള്ള ആധാര്‍ നമ്ബര്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് നല്‍കുന്നത്. ഇത് തിരിച്ചറിയല്‍ രേഖയായിട്ടും മേല്‍വിലാസം തിരിച്ചറിയുന്നതിനുമാണ് ഉപയോഗിക്കുന്നത്.രാജ്യത്ത് 48.41ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 61.17 ലക്ഷം പെന്‍ഷന്‍കാരുമാണ് ഉള്ളത്. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷേമത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവഷ്‌കരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഉദാഹരണത്തിന് മിനിമം പെന്‍ഷന്‍ 9000 രൂപയായി വര്‍ദ്ധിപ്പിക്കുകയും ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷമായി ഉയര്‍ത്തുകയും ഫിക്‌സഡ് മെഡിക്കല്‍ അലവന്‍സ് 1000 രൂപയായി വര്‍ദ്ധിപ്പിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.