പി ജെ ജോസഫിന്റെ പുത്രന്‍ അപു ജോണ്‍ ജോസഫാണ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നു

p j joseph

കേരളാ കോണ്‍ഗ്രസില്‍ നിന്നും മറ്റൊരു മകന്‍ കൂടി രാഷ്ട്രീയത്തിലേക്ക്. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് വര്‍ക്കിംഗ് ചെയര്‍മാനുമായ പി ജെ ജോസഫിന്റെ പുത്രന്‍ അപു ജോണ്‍ ജോസഫാണ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്.കേരള കോണ്‍ഗ്രസുകളില്‍ നിന്ന് നിലവില്‍ കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയും പി ടി ചാക്കോയുടെ മകന്‍ പി സി തോമസും കെ എം ജോര്‍ജ്ജിന്റെ മകന്‍ പ്രിന്‍സ് ജോര്‍ജ്ജും അന്തരിച്ച ടി എം ജേക്കബ്ബിന്റെ മകന്‍ അനൂപ്‌ ജേക്കബ്ബും ആര്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ ബി ഗണേഷ് കുമാറും പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും മുന്‍ ചെയര്‍മാന്‍ ഓ വി ലൂക്കോസിന്റെ മകന്‍ പ്രിന്‍സ് ലൂക്കോസും സജീവ രാഷ്ട്രീയത്തിലുണ്ട്.ഇവര്‍ക്കിടയിലേക്കാണ് ഭാഗ്യ പരീക്ഷണത്തിനായി അപുവിന്റെ രംഗപ്രവേശം. രണ്ടു വര്‍ഷം മുമ്പ് അപു രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആലോചനകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇദ്ദേഹം തന്നെ ഉള്‍വലിയുകയായിരുന്നു. ഇപ്പോള്‍ പിതാവ് പി ജെ ജോസഫിന്റെ പിന്‍ഗാമിയായി ജോസഫ് ഗ്രൂപ്പിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് പാര്‍ട്ടിയില്‍ സജീവമാകാനാണ് അപുവിന്റെ നീക്കമെന്നാണ് സൂചന.എഞ്ചിനീയറിംഗില്‍ ഉന്നത വിദ്യാഭ്യാസം നേടി സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്യുകയായിരുന്ന അപു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പി ജെയുടെ കാര്‍ഷിക ദൌത്യങ്ങള്‍ ഏറ്റെടുത്ത് പിതാവിനെ സഹായിക്കാനായി നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ പി ജെയുടെ കൃഷി കാര്യങ്ങള്‍ നോക്കി നടത്തുന്നത് അപുവാണ്. ഇതിനു പുറമേ പിതാവിനെപ്പോലെ സംഗീതത്തിലും അപുവിന് താല്പര്യമുണ്ട്. അങ്ങനെ ഏതാനും ആല്‍ബങ്ങള്‍ ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.അപുവിന്റെ രാഷ്ട്രീയ പ്രവേശനത്തോട് പാര്‍ട്ടിയിലെ മാണി വിഭാഗത്തിനും അനുകൂല നിലപാടാണുള്ളത്. എന്നാല്‍ പി ജെ ജോസഫ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. സഹപ്രവര്‍ത്തകരുടെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും അദ്ദേഹം പാര്‍ട്ടിയില്‍ ചുമതലകള്‍ ഏറ്റെടുക്കുക എന്നതാണ് സൂചന.