Friday, April 26, 2024
HomeKeralaദിലീപ് 'അമ്മ'യില്‍ നിന്നും രാജിവച്ചതായി മോഹന്‍ലാല്‍

ദിലീപ് ‘അമ്മ’യില്‍ നിന്നും രാജിവച്ചതായി മോഹന്‍ലാല്‍

നടിക്കു നേരെയുണ്ടായ ലൈംഗികാതിക്രമകേസില്‍ പ്രതിയായ ദിലീപ് ‘അമ്മ’യില്‍ നിന്നും രാജിവച്ചതായി സംഘടനയുടെ അദ്ധ്യക്ഷന്‍ മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു . ദിലീപിന്‍റെ രാജി ചോദിച്ച് വാങ്ങുകയായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു. ദിലീപിന്റെ രാജി അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരുടെയും സമ്മതം ആവശ്യമായതിനാലാണ് രാജി തീരുമാനം വൈകിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിക്കപ്പെട്ട വിവിധ ആരോപണങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടിയും നല്‍കി. അതില്‍ മുഖ്യമായത്  ഡബ്ല്യുസിസി അംഗങ്ങളെ മോഹന്‍ലാല്‍ വീണ്ടും നടിമാരെന്ന് വിളിച്ചു എന്നതാണ്. മുന്‍പ് അഭിനേത്രികളെ ‘നടിമാര്‍’ എന്ന് വിളിച്ചതിന് ആക്ഷേപമുയര്‍ന്നിരുന്നു. മൂന്ന് നടിമാര്‍ അമ്മയ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുകയും ചെയ്തു. നടിമാര്‍ മാപ്പു പറയേണ്ട ആവശ്യമില്ലെന്നും ഇവരെ തിരിച്ചെടുക്കുന്നതിന് ജനറല്‍ ബോഡി വിളിക്കേണ്ട ആവശ്യമില്ല എന്നുതന്നെയാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പക്ഷെ രാജിവച്ചവര്‍ക്ക് സംഘടനയില്‍ തിരിച്ചെത്താന്‍ അപേക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മീടൂ ആരോപണത്തില്‍ കുടുങ്ങിയ അലന്‍സിയറോട് വിശദീകരണം തേടുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുകേഷിനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അമ്മ പറഞ്ഞു. സംഘടനയുടെ പേരില്‍ താനെന്തിനാണ് അടികൊള്ളുന്നത് എന്ന മറു ചോദ്യമുന്നയിച്ച അദ്ദേഹം, താന്‍ സ്ഥാനമേറ്റ ശേഷം ഇന്‍റെണല്‍ കംപ്ലൈന്‍റസ് കമ്മറ്റി രൂപീകരിച്ചതായും അറിയിച്ചു. സ്ത്രീകളുടെ പ്രശ്‌നം പരിശോധിക്കാനായുള്ള സമിതിയില്‍ കെപിഎസി ലളിത, കുക്കു പരമേശ്വരന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം വ്യത്യസ്ത നിലപാടുകള്‍ പറഞ്ഞ് പോരടിച്ച അമ്മ ഭാരവാഹികളായ സിദ്ദിഖും ജഗദീഷും ഇന്ന് പിണക്കം മറന്ന് ഒന്നിച്ചു. അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും അടുത്തടുത്താണ് ഇരുന്നത്. തങ്ങള്‍ തമ്മില്‍ പ്രശ്നമൊന്നുമില്ലെന്നും ഇരുവരും വ്യക്തമാക്കുകയും ചെയ്തു. ജഗദീഷുമായി ഒരു പ്രശ്നവുമില്ലെന്നും അമ്മയില്‍ ചേരിതിരിവില്ലെന്നും സിദ്ദിഖും വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments